ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

0
60

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗ് തന്റെ അവസാന ടൂര്‍ണമെന്റാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് 37 കാരനായ കെ.പി സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച റണ്‍ സ്കോറര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് പീറ്റേഴ്സന്‍.

ടെസ്റ്റും ഏകദിനവും ടി20 യും അടക്കം അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരവുമാണ് 37 കാരനായ പീറ്റേഴ്‌സണ്‍. കരീബിയന്‍ പര്യടനത്തിനും ട്വന്റി 20 ലോകകപ്പിനും പീറ്റേഴ്‌സനെ പരിഗണിക്കേണ്ടതില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ പ്രിയ താരമായ വഴക്കാളിയുടെ സംഭവബഹുലമായ കളിയാത്രയ്ക്ക് തിരശീല. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങളിലും, 136 ഏകദിന മത്സരങ്ങളിലും ജേഴ്‌സിയണിഞ്ഞു അദ്ദേഹം.

കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ലീഗിന് ശേഷം വിരമിക്കുമെന്ന് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കൂടി പങ്കെടുത്ത ശേഷം കളി നിര്‍ത്താമെന്ന് തീരുമാനിക്കുകയായിരുന്നു. യുഎയിലാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് പാകിസ്താനാണ് വേദിയാവുക. എന്നാല്‍ തന്റെ ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാല്‍ പാകിസ്താനില്‍ കളിക്കാന്‍ പീറ്റേഴ്‌സണ്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.