ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍; ഫൈനലില്‍ റോജര്‍ ഫെഡററും മാര്‍ട്ടിന്‍ ഡെല്‍പോട്രോയും ഏറ്റുമുട്ടും

0
57

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സ്വിസ് താരം റോജര്‍ ഫെഡററും ലോക എട്ടാം നമ്പര്‍ താരം അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും ഏറ്റുമുട്ടും. ഇന്ത്യന്‍ വെല്‍സില്‍ ആറാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്. ഡെല്‍പോട്രോ തുടര്‍ച്ചയായ രണ്ടാം എടിപി കിരീടമാണ് നോട്ടമിടുന്നത്.

സെമി ഫൈനലില്‍ ഫെഡറര്‍, ക്രൊയേഷ്യയുടെ ബോര്‍ണ കോറികിനെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. സ്‌കോര്‍ 5-7, 6-4, 6-4. ടൂര്‍ണമെന്റില്‍ ഫെഡറര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മത്സരമായിരുന്നു സെമിഫൈനലിലേത്. 21 കാരനായ കോറിക് ആദ്യ സെറ്റ് 7-5 ന് നേടുകയും രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ മുന്നേറ്റം തുടര്‍ന്നെങ്കിലും ജയിക്കാനായില്ല. എന്നാല്‍ ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് സ്വിസ് ഇതിഹാസത്തിന് ഒരു സെറ്റ് നഷ്ടപ്പെട്ടത്.

കാനഡയുടെ മിലാസ് റവോണികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീനിയന്‍ താരം ഡെല്‍പോട്രോ ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-2, 6-3. കരിയറിലെ 22-ാം സിംഗിള്‍സ് കിരീടമാണ് ഡെല്‍പോട്രോ ലക്ഷ്യമിടുന്നത്. ഒപ്പം തുടര്‍ച്ചയായ രണ്ടാം എടിപി കിരീടവും. നേരത്തെ ഈ മാസമാദ്യം അകാപുല്‍കോയിലും കിരീടം ചൂടിയിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡെല്‍പോട്രോ ഇവിടെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഏറ്റവും ഒടുവില്‍ 2013 ലായിരിന്നു ഡെല്‍പോട്രോയുടെ ഫൈനല്‍ പ്രവേശം. അന്ന് കലാശപ്പോരില്‍ റഫേല്‍ നദാലിനോട് തോല്‍ക്കാനായിരുന്നു വിധി.

കഴിഞ്ഞ വര്‍ഷത്തെ ബാസില്‍ ഓപ്പണ്‍ ഫൈനലിലായിരുന്നു ഫെഡററും ഡെല്‍പോട്രോയും ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയത്. അന്ന് 6-7(5-7), 6-4, 6-3 എന്ന സ്‌കോറിന് ഡെല്‍പോട്രോയെ തകര്‍ത്ത് ഫെഡറര്‍ കിരീടം ചൂടിയിരുന്നു.