എന്‍.ഡി.എ സര്‍ക്കാരിന്റെ പാക് നയം ദുരന്തം; വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ വിദേശകാര്യ പ്രമേയം

0
53

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്റെ പാക് നയം ദുരന്തമാണെന്നു കോണ്‍ഗ്രസിന്റെ വിദേശകാര്യപ്രമേയം. പാക് നയത്തില്‍ വ്യക്തമായ രൂപരേഖയില്ലെന്നും നയത്തെ വിഭജനവിഷയമാക്കിയതു തിരിച്ചടിയാണെന്നും പ്ലീനറി സമ്മേളനത്തില്‍ ആനന്ദ് ശര്‍മ അവതിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. അയല്‍രാജ്യങ്ങളുമായുളള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണ്. സ്വന്തം താല്‍പര്യമാണ് മോദിയുടെ വിദേശനയം. യുപിഎ സര്‍ക്കാരിന്റെ കാലത്തു ബംഗ്ലദേശുമായുണ്ടായിരുന്ന നല്ല ബന്ധം ഇല്ലാതായി. ചൈനയുമായുണ്ടായിരുന്ന ബന്ധം മോശമായെന്നും പ്രമേയത്തില്‍ ആരോപിച്ചു.

അതേസമയം, പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമെന്ന ഫോര്‍മുലയാണു പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം മുന്നോട്ടു വയ്ക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവതരിപ്പിച്ച പ്രമേയത്തില്‍, സമാന മനസുള്ള പാര്‍ട്ടികളുമായി കൈകോര്‍ത്ത് പൊതുപ്രവര്‍ത്തന പദ്ധതി തയാറാക്കി മുന്നോട്ടു പോകുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ബിജെപി ഇതര മുന്നണിക്കും വിശാല സഖ്യത്തിനുമായുള്ള പ്രാദേശിക പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്കിടെയാണു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ നയപ്രഖ്യാപനം.

ആദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളില്‍ അധ്യക്ഷന്റെ വാക്കുകളെ ആകാംക്ഷയോടെയാണ് അണികള്‍ കാത്തിരിക്കുന്നത്. അതേസമയം, പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയം ഒരുപോലെയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു സാമ്പത്തികകാര്യ പ്രമേയത്തിലൂടെ മറുപടി നല്‍കും.

വൈകിട്ട് നാലുമണിക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. പ്ലീനറി സമ്മേളനത്തിലെ ആമുഖ പ്രസംഗം അഞ്ചു മിനിറ്റില്‍ ഒതുക്കിയ രാഹുല്‍ ഗാന്ധി, പ്രമേയ ചര്‍ച്ചകള്‍ക്കു മറുപടി പറയുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ പരാമര്‍ശിക്കും എന്നുള്ള ആകാംക്ഷയിലാണു നേതാക്കളും പ്രവര്‍ത്തകരും.