പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ പരാതി

0
48

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നതായി പാക് സര്‍ക്കാരിന് ഇന്ത്യയുടെ പരാതി. മൂന്നുമാസത്തിനിടെ നല്‍കുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികളും പീഡനങ്ങളും പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ പരാതിയില്‍ പറയുന്നു.
പാക് വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയിക്കുന്ന പരാതിയില്‍ പ്രധാനമായും രണ്ടു സംഭവങ്ങളെക്കുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ ശനിയാഴ്ചയും മാര്‍ച്ച് പതിനഞ്ചിനും നടന്ന സംഭവങ്ങളാണ് ഇവ. ശനിയാഴ്ച ഇസ്‌ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഷോപ്പിങ്ങിനു പോയ ഉദ്യോഗസ്ഥരെ രണ്ടുപേര്‍ പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണു പരാതി. മാര്‍ച്ച് 15ന് റസ്റ്ററന്റിലേക്കു പോകുമ്പോള്‍ ഉദ്യോഗസ്ഥനും കുടുംബത്തിനുമാണ് ഭീഷണി നേരിടേണ്ടിവന്നത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിനെ പിന്തുടരുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം വേണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരികെ വിളിച്ചതിനു പിന്നാലെയാണ് പരാതിയുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ പാക് നയതന്ത്രജ്ഞനു വളരെ മോശം അനുഭവമാണുണ്ടാകുന്നതെന്ന് ഉദ്യോഗസ്ഥനെ തിരികെ വിളിച്ചപ്പോള്‍ പാകിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കമ്മീഷണറുടെ സാധാരണ യാത്രയാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.