രണ്ടാം വാര്‍ഷികം; സര്‍ക്കാര്‍ ചെലവിടുന്നത് കോടികള്‍

0
80

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ ഊന്നല്‍ കൊടുത്തത് ചെലവ് ചുരുക്കലിനായിരുന്നു. മുണ്ടുമുറുക്കി ഉടുത്തുകൊണ്ടുള്ള ധനവിനിയോഗത്തെക്കുറിച്ച്‌ ധനമന്ത്രി പ്രസംഗച്ചതിന് പിന്നാലെ തന്നെ മന്ത്രിമാരുടെ ധൂര്‍ത്തിനെക്കുറിച്ച്‌ വാര്‍ത്തകളും വന്നു. കണ്ണട വിവാദവും മന്ത്രി മന്ദിരങ്ങളിലെ മോടി പിടിപ്പിക്കലുമെല്ലാം സര്‍ക്കാരിന് നേര്‍ക്ക് വന്‍ വിമര്‍ശനമുയര്‍ത്തി. പെന്‍ഷന്‍ കിട്ടാതെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഒരു വശത്ത് ആത്മഹത്യ ചെയ്യുമ്പോൾ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാനുള്ള തീരുമാനവും വിമര്‍ശിക്കപ്പെട്ടു.

അതിനിടെ കോടികള്‍ പൊടിച്ച്‌ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനുള്ള നീക്കവും നടക്കുന്നു. മേയ് ഒന്നു മുതല്‍ 31 വരെയാണു വാര്‍ഷികാഘോഷം. സംസ്ഥാനത്തു പൂര്‍ത്തിയായിവരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങള്‍ മേയിലേക്കു മാറ്റി.മേയ് 18നു കണ്ണൂരിലാണു സംസ്ഥാനതല വാര്‍ഷിക ഉദ്ഘാടനം. സമാപനം തിരുവനന്തപുരത്താണ്.

അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മേയില്‍ നടക്കാനിടയുണ്ട്.സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിലായാണ് ഉദ്ഘാടനങ്ങള്‍ നടക്കുന്നത്.വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.സംസ്ഥാനത്തെ 40 ലക്ഷം സ്കൂള്‍കുട്ടികള്‍ക്ക് വാര്‍ഷികത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മേയ് രണ്ടിനു കത്തിനൊപ്പം കുട്ടികള്‍ക്കു വൃക്ഷത്തൈയും വിത്തുകളും നല്‍കും. അന്നുതന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എല്‍പി, യുപി ക്ലാസുകളിലെ കുട്ടികള്‍ക്കു യൂണിഫോം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.