സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം: കേസ് എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു

0
57

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തിലെ കേസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നിന്ന് എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. അന്ന് പ്രതിപക്ഷത്തായിരുന്ന നിലവിലെ മന്ത്രിമാരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

2015- മാര്‍ച്ച് 13ന് ധനമന്ത്രിയുടെ ബജറ്റ് അവതരണം വേളയിലാണ് സഭയില്‍ സംഘര്‍ഷം ഉണ്ടായത്. സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീല്‍, ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ അജിത്ത്, സികെ സദാശിവന്‍, കെ.കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുവരെ കോടതിയെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ച കോടതിയിലേക്ക് കേസ് മാറ്റാന്‍ സിജെഎം കോടതി തീരുമാനിച്ചത്.