കേരളം തൂക്കിവില്‍ക്കാനാണ് സിപിഐയുടെ ശ്രമമെന്ന് ജോണി നെല്ലൂര്‍

0
42

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കേരളം തൂക്കിവില്‍ക്കാനാണ് സിപിഐയുടെ ശ്രമമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂര്‍ 24 കേരളയോട് പറഞ്ഞു.

റവന്യൂ വകുപ്പ് ഭരിക്കുന്നത് സിപിഐയാണ്. സിപിഐയുടെ ജില്ലാ സെക്രട്ടറി പോലുള്ള നേതാക്കളാണ് വയനാട് ഭൂമി തട്ടിപ്പില്‍ പങ്കാളികളായത്. വലിയ രീതിയില്‍ റവന്യൂ ഭൂമി പതിച്ച് നല്‍കി തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങള്‍ സിപിഐയുടെ നേതൃത്വത്തില്‍ നടക്കുന്നു എന്നാണു വയനാട് ഭൂമി തട്ടിപ്പില്‍ നിന്ന്‌ വ്യക്തമാകുന്നത്.

വയനാട് ഭൂമി തട്ടിപ്പ് കേസ് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേസില്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഇനിയും ഒട്ടനവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ഈ കാര്യത്തില്‍ അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം ആവശ്യമുണ്ട്.

സമഗ്രമായി അന്വേഷണം നടത്തിയാല്‍ മാത്രമെ സിപിഐ നേതാക്കളുടെ പങ്ക് ഈ ഭൂമി തട്ടിപ്പില്‍ വ്യക്തമാകുകയുള്ളൂ. അതിനാല്‍ അത്തരമൊരു അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണം. ഇതുവരെ സിപിഐ പ്രദര്‍ശിപ്പിച്ച ആദര്‍ശത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഭൂമി തട്ടിപ്പ് കേസില്‍ കേരളം കണ്ടത്.

വലിയ രീതിയില്‍ ആദര്‍ശം പറയും. മറുവശത്ത് വന്‍ തട്ടിപ്പ് നടത്തുകയും ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെട്ട ഈ ഭൂമി തട്ടിപ്പ് അത്തരമൊരു കാഴ്ചയാണ് ദൃശ്യമാക്കുന്നത്. ഭരണത്തിന്റെ തണലില്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കാനുള്ള ശ്രമങ്ങളിലാണ് സിപിഐ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് വയനാട് ഭൂമി തട്ടിപ്പ് വ്യക്തമാക്കുന്നു.

അടുത്ത കാലത്തുള്ള ഭൂമി തട്ടിപ്പ് കേസുകള്‍ പരിശോധിച്ചാല്‍ അതില്‍ സിപിഐയുടെ പങ്കാളിത്തം വ്യക്തമാകും. കാരണം ഒരു വശത്ത് നില്‍ക്കുന്നത് സിപിഐയാണ്. റവന്യൂ വകുപ്പ് ഭരിക്കുന്ന കക്ഷി തന്നെ ഭൂമി തട്ടിപ്പില്‍ പങ്കാളിയാകുന്നു എന്നതിനാല്‍ ഈ കാര്യത്തില്‍ സമഗ്ര അന്വേഷണത്തിനു സര്‍ക്കാര്‍ വൈകരുതെന്നും വൈകിയാല്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കൈകളില്‍ അതിവേഗം അമരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

വയനാട് ഭൂമി തട്ടിപ്പ് കേസ് പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരെ സിപിഐ ഒരിക്കലും സംരക്ഷിക്കില്ല. സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും കാനം പറഞ്ഞു. സിപിഐ നേതൃത്വത്തിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കാനം ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോപണവുമായി ബന്ധപ്പെട്ട്‌ വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ചേര്‍ന്ന് നീക്കിയിട്ടുണ്ട്. കെ.രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. രണ്ട് മാസത്തേയ്ക്കാണ് വിജയന്‍ ചെറുകരയെ മാറ്റിനിര്‍ത്തിയിരിക്കുന്നത്.