മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം തടയാന്‍ സൈനികരെ വിന്യസിക്കാനൊരുങ്ങി ട്രംപ്‌

0
38


വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയാന്‍ സൈനികരെ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

യു.എസ്-മെക്സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്കായി യാതൊരു നിയമങ്ങളും ഇല്ല. അനധികൃത കുടിയേറ്റക്കാരെ നേരിടുന്നതിനായി അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതിനായി മുന്‍ മേജര്‍ ജനറല്‍ ഡേവിഡ് മോറിസുമായി കൂടിയാലോചിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

മെക്സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിയുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയതാണ്. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാരെ സൈന്യത്തിന്റെ സഹായത്തോടെ നേരിടുമെന്ന ട്രംപിന്റെ പ്രഖ്യാപനം. മെക്സിക്കോയുമായുള്ള നോര്‍ത്ത് അമേരിക്കയുടെ സ്വതന്ത്ര വ്യാപാര കരാറിനോടുള്ള വിയോജിപ്പും ട്രംപ് പ്രകടമാക്കി. പ്രസ്തുത കരാര്‍ അനധികൃത കുടിയേറ്റത്തിന് വഴിവെയ്ക്കുന്നുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ വാദം.