വയനാട് വിമുക്ത ഭടന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ 1084 ഏക്കര്‍ ഭൂ മാഫിയ കയ്യേറി

0
47

വയനാട്: തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമിയും , ഭൂ മാഫിയ വിഴുങ്ങി. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂ മാഫിയ തട്ടിയെടുത്തത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടു നിന്നു. പിതാവിന് സര്‍ക്കാര്‍ കൊടുത്ത ഭൂമി കണ്ടെത്താന്‍ പത്തു വര്‍ഷമായി റവന്യൂ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് കമ്പളക്കാട് സ്വദേശി റഹീം.

പിതാവും വിമുക്തഭടനുമായ ഷംസുദീന് 1967 ല്‍ മക്കിമലയില്‍ 3 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൊടുത്തിരുന്നു. ഷംസുദീനെപ്പോലെ മക്കിമലയില്‍ 348 പട്ടാളക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമി എവിടെപ്പോയി എന്ന അന്വേഷണം എത്തിച്ചത് വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി ഭൂമി കയ്യേറി മറിച്ചു വില്‍ക്കുന്ന സംഘത്തിലേയ്ക്കാണ് . ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഈ സംഘത്തിലെ ഒരു കണ്ണിയാണ് മക്കിമലക്കാരന്‍ ലക്ഷ്മണന്‍.

സ്ഥലം വാങ്ങാമെന്ന് ഉറപ്പു കൊടുത്തപ്പോള്‍ ലക്ഷമണന്‍ സ്ഥലം കാണിച്ചു തന്നു. ലക്ഷ്മണന്റെ നിര്‍ദേശപ്രകാരം തരുവണ സ്വദേശി ഉസ്മാനെ കണ്ടു. ഭൂമിക്ക് രേഖയുണ്ടാക്കാന്‍ ഉസ്മാന് പിന്നാലെ മാനന്തവാടിയിലെ സി.പി.ഐ പ്രാദേശിക നേതാവ് സജീവനെ കണ്ടു. സജീവന്‍ നിര്‍ദേശിച്ചത് അനുസരിച്ച് വാടാട് വില്ലേജ് ഓഫിസര്‍ രവിയെ വീട്ടിലെത്തി കണ്ടു. ആദ്യ ഗഡു രണ്ടായിരം രൂപ വാങ്ങി. ലക്ഷങ്ങള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറിയും കള്ള രേഖയുണ്ടാക്കിയും മറിച്ചു വില്‍ക്കുകയാണ്.- ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു