കൊച്ചി: പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെതിരെ മെട്രോമാന്. നിലമ്പൂര്‍-നഞ്ചന്‍കോട് പാത സംബന്ധിച്ച് ജി.സുധാകരന് നിയമസഭയില്‍ നല്കിയ മറുപടി തെറ്റാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന് വ്യക്തമാക്കി. പാത നിര്‍മാണത്തിനായി ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ഡിഎംആര്‍സി പുതിയ അലൈന്മെന്റ് തയാറാക്കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ പൂഴ്ത്തുകയാണ് ചെയ്തതെന്നും അദേഹം വ്യക്തമാക്കി. തലശ്ശേരി-മൈസൂരു പാതയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളാണ് പിന്നീട് ഉണ്ടായത്.
കാര്യങ്ങള്‍ അറിയാതെയോ അല്ലെങ്കല്‍ തെറ്റിദ്ധരിക്കപ്പെട്ടോ ആണ് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന് നിയമസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. 236 കിലോമീറ്റര്‍ പാതയെന്ന പഴയ പദ്ധതി മാറ്റി 176 കിലോമീറ്ററാക്കി ചുരുക്കിയാണ് ഡിഎംആര്‍സി പുതിയ അലൈന്മെന്റ് തയാറാക്കിയതെന്നും ഇ.ശ്രീധരന് പറഞ്ഞു.
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാത നിര്മിക്കണമെന്നാവശ്യപ്പെട്ട്് എം.ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനു മന്ത്രി നല്കിയ മറുപടിക്കെതിരെയാണ് ഇ.ശ്രീധരന് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. റെയില്‍ പാത നിര്‍മാണത്തിനായി തടസ്സങ്ങള്‍ ഒഴിവാക്കിയുള്ള പുതിയ അലൈന്മെന്റ് പരിശോധിച്ചുവരികയാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
പുതിയ അലൈന്‍മെന്റിന് സര്‍വേ നടത്തുന്നതിനായി കര്‍ണാടക ചീഫ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. സര്‍വേ നടത്തുന്നതിന് അനുമതി തേടിയുള്ള കേരള സര്‍ക്കാരിന്റെ കത്ത് ലഭിച്ചാലുടന്‍ പരിഗണിക്കാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നതാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ കത്തയയ്ക്കാന്‍ തയാറായില്ലന്നും മെട്രോമാന് അരോപിച്ചു.