ന്യൂഡല്‍ഹി:നേപ്പാളില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് മേധാവിത്വത്തില്‍ അതൃപ്തിയുമായി ഇന്ത്യ. ത്രിദിന സന്ദര്‍ശനത്തിന് എത്തുന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അറിയിച്ചേക്കും. നേപ്പാളില്‍ എത്ര അണക്കെട്ടുകള്‍ പണിയാനും ചൈനയ്ക്ക് അനുവാദം കൊടുത്തോളൂ, എന്നാല്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ ഇന്ത്യയ്ക്കാവില്ലെന്ന സന്ദേശത്തിലൂടെയാകും മോദി നിലപാടു വ്യക്തമാക്കുക. ഒലിയെ ഊഷ്മളതയോടെ സ്വീകരിക്കുമെങ്കിലും ഇന്ത്യയുടെ ശക്തമായ നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നു സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നേപ്പാളിന്റെ കാര്യത്തിലുള്ള ഇന്ത്യ ചൈന ‘ശീതയുദ്ധത്തിന്റെ’ പ്രധാന ശ്രദ്ധാകേന്ദ്രം മധ്യ പടിഞ്ഞാറന്‍ നേപ്പാളിലെ ബുധി ഗന്‍ഡാകി നദിയില്‍ പണിയുന്ന അണക്കെട്ടാണ്. 2.5 ബില്യന്‍ യുഎസ് ഡോളര്‍ ചെലവു വരുന്ന പദ്ധതിയാണിത്. ചൈനയുടെ അഭിമാന പദ്ധതിയായ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡി’നോടുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അന്നത്തെ നേപ്പാള്‍ പ്രധാനമന്ത്രിയും മുന്‍ മാവോയിസ്റ്റ് നേതാവുമായ പുഷ്പ കമല്‍ ദഹല്‍ തീരുമാനമെടുത്ത് ആഴ്ചകള്ക്കകമായിരുന്നു ബുധി ഗന്‍ഡാകി പദ്ധതി ചൈനയുടെ ഗെസൗബ ഗ്രൂപ്പിനു കൈമാറിയത്.
എന്നാല്‍ മാസങ്ങള്‍ക്കകം പ്രചണ്ഡയ്ക്കു പകരം നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷെര്‍ ബഹാദുര്‍ ദ്യൂബ അധികാരമേറ്റെടുത്തു. നവംബറോടെ അദ്ദേഹം പദ്ധതി റദ്ദാക്കി. ചിന്തിക്കാതെയും അനധികൃതമായുമാണു കരാര്‍ ഉണ്ടാക്കിയതെന്നാണു ദ്യൂബ ചൂണ്ടിക്കാട്ടിയത്. അതേസമയം, ദ്യൂബയുടെ നടപടിക്കുപിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദമാണെന്ന സംസാരം കഠ്മണ്ഡുവില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, കഴിഞ്ഞ മാസം സൗത്ത് ചൈന മോണിങ് പോസ്റ്റിനു നല്കിയ അഭിമുഖത്തില്‍ പദ്ധതി പൊടിതട്ടിയെടുക്കാന്‍ ആലോചിക്കുന്നതായി ഇപ്പോഴത്തെ പ്രധാനമന്ത്രി ഒലി വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയപരമായ എതിരഭിപ്രായമോ എതിരാളികളായ കമ്പനികളില്‍നിന്നുള്ള സമ്മര്‍ദമോ ആകാം പദ്ധതി റദ്ദാക്കാന്‍ കാരണമെന്നു പറഞ്ഞ ഒലി, ജലവൈദ്യുതിയിലാണു നേപ്പാളിന്റെ പ്രധാന ശ്രദ്ധയെന്നും എന്തുവന്നാലും ബുധി ഗന്‍ഡാകി ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
ഇന്ത്യയില്‍നിന്നു വന്‍തുക വാങ്ങി ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കു പകരമാണു നേപ്പാളിനു ജലവൈദ്യുത പദ്ധതികളെന്നാണ് ഒലിയുടെ അഭിപ്രായം. കഴിഞ്ഞ അഞ്ചു വര്‍ഷമായി നേപ്പാളിന്റെ ഇന്ധന ഇറക്കുമതി ബില്‍ വളരെയധികവുമാണ്. അതേസമയം, കിഴക്കന്‍ നേപ്പാളിലെ സങ്ഖുവസഭ ജില്ലയിലെ 900 മെഗാവാട്ട് അരുണ്മൂന്ന് ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം മോദിയും ഒലിയും ഇന്നു ന്യൂഡല്‍ഹിയില്‍ നിര്‍വഹിക്കും.