പനാജി: വിവാഹം കഴിക്കാതെ ഏകാകിയായിരുന്നതാണ് തന്റെ സന്തോഷങ്ങള്ക്കുകാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. തന്റെ വിജയങ്ങള്‍ക്കു പിന്നിലെ കാരണവും അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പം സ്ഥാപിച്ച പതഞ്ജലി ഗ്രൂപ്പിന്റെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കമ്പനി നോണ്‍ – പ്രോഫിറ്റ് ചാരിറ്റബിള്‍ ട്രസ്റ്റായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കമ്പനിയുടെ ലക്ഷ്യം ലാഭം നേടുകയെന്നത് അല്ലെന്നും വ്യക്തമാക്കി.
‘ചെറുപ്പകാലം മുതലുള്ള ആഗ്രഹത്താലാണു ഈ കമ്പനി സ്ഥാപിച്ചത്. കാരണം ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ളവ നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടുപോയി, അവരെ പാഠം പഠിപ്പിക്കണമെന്നു ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു’ – ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ രാംദേവ് പറഞ്ഞു. ‘മള്‍ട്ടി നാഷനല്‍ കമ്പനികളുടെ കൊള്ളയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞാനെന്താണോ പഠിച്ചത് അതാണ് ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളില്‍ ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്കുവേണ്ടി നിക്ഷേപിച്ചത്.
ആളുകള്‍ കുടുംബത്തിനുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. എനിക്കു ഭാര്യയില്ല, മക്കളില്ല, എന്നിട്ടും ഞാനെത്രമാത്രം സ്വസ്ഥതയോടെ ജീവിക്കുന്നു. വിവാഹം എന്നത് എളുപ്പമായ ഒരു സംഗതിയല്ല. പലരും ഇനി വിവാഹം കഴിക്കാനിരിക്കുകയാണ്. മറ്റുചിലര്‍ അതു കഴിഞ്ഞവരും. നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അതു വഹിക്കേണ്ടിവരും. ഞാനങ്ങനെ ചെയ്തില്ല. ഞാന്‍ ബ്രാന്‍ഡുകളാണ് സൃഷ്ടിച്ചത്. 2050ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറാന്‍ 1000ല്‍ അധികം ബ്രാന്‍ഡുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നു- ബാബാ രാംദേവ് പറഞ്ഞു