വിവാഹമോചനം നേടി വേര്‍പിരിഞ്ഞ ദമ്പതികള്‍ അരനൂറ്റാണ്ടിന് ശേഷം വിവാഹത്തിലൂടെ വീണ്ടും ഒന്നിക്കുന്നു

0
51

അന്‍പത് വര്‍ഷം മുമ്പ് വിവാഹ മോചനത്തിലൂടെ വേര്‍പിരിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു. അടുത്തയാഴ്ച ഇവര്‍ വീണ്ടും വിവാഹിതരാകുകയാണ്. അമേരിക്കയിലെ ലൂസിയാന ന്യൂ ഓര്‍ലീന്‍സ് സ്വദേശികളായ ഹരോള്‍ഡ് ഒളാന്ദും ലില്ലിയന്‍ ബാണെസുമാണ് വീണ്ടും ഒന്നിക്കുന്നത്. ഈ മാസം 14നാണ് ഇവര്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്.

തീവ്രമായ അനുരാഗത്തിലായിരുന്ന ഇവര്‍ 1955ല്‍ വിവാഹിതരായി. എന്നാല്‍ 12 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 1968ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അഞ്ച് കുട്ടികളുമുണ്ടായി. 1968ല്‍ വിവാഹമോചനം നേടിയ രണ്ടു പേരും വേറെ വിവാഹവും കഴിച്ചിരുന്നു. എന്നാല്‍ പഴയ സൗഹൃദം അവര്‍ തുടര്‍ന്നുപോന്നിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിലും വിവാഹത്തിലും ജന്മദിന വേളകളിലുമെല്ലാം ഇവര്‍ ഒരുമിച്ചിരുന്നു. ഇവരുടെ പങ്കാളികള്‍ 2015ല്‍ മരണമടഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ഇവരെ വീണ്ടും ഒന്നിപ്പിക്കാന്‍ മക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഒളാന്ദിന് 83ഉം ബാണെസിന് 79ഉം ആണ് പ്രായം.

കഴിഞ്ഞ വേനല്‍കാലത്ത് നടത്തിയ കുടുംബസംഗമത്തിലാണ് ഈ ആശയം ഉദിച്ചതെന്ന് ഇവരുടെ കൊച്ചുമകന്‍ ജോഷ്വാ ഒളാന്ദ് പറയുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തതോടെ ഇവരുടെ ബന്ധം കൂടുതല്‍ ഊഷ്മളമായി എന്നു കരുതുന്നുവെന്നും ജോഷ്വ പറഞ്ഞു.

അതേസമയം, ആദ്യബന്ധം തകര്‍ന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കാണെന്ന് ഒളാന്ദ് പറഞ്ഞു. ആഴ്ചയില്‍ ഏഴ് ദിവസവും താന്‍ ഓഫീസില്‍ ആയിരുന്നു. കുടുംബത്തെ ശ്രദ്ധിച്ചിരുന്നില്ല. ബന്ധം വേര്‍പിരിഞ്ഞതോടെയാണ് തന്റെ വീഴ്ച ബോധ്യപ്പെട്ടത്. ആദ്യ പ്രണയം മറക്കാന്‍ വലിയ പാടാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ അവള്‍ക്ക് കാര്യമായ മാറ്റമില്ല. അവള്‍ സുന്ദരിയായിരുന്നു. കറുത്തമുടിയും ബ്രൗണ്‍ കണ്ണുകളുമുള്ള സുന്ദരി. ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ല. മുടി വെളുത്തു എന്നു മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു പേര്‍ക്കും രണ്ടാം വിവാഹബന്ധങ്ങളിലായി 10 മക്കളും 20 കൊച്ചുമക്കളും 30 ഓളം ചെറുമക്കളുമുണ്ട്. ന്യൂ ഓര്‍ലീന്‍സില്‍ പാസ്റ്റര്‍ ആയ കൊച്ചുമകന്‍ ജോഷ്വ ഒളാന്ദ് ആണ് ഇവരെ ഒന്നിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. ലെക്സിങ്ടണ്‍ ട്രിനിറ്റി ബാപിസ്റ്റ് ചര്‍ച്ചില്‍ 14നാണ് ഇവരുടെ വിവാഹം.