സിനിമാ മംഗളത്തില്‍ നിന്നുള്ള രാജി വാര്‍ത്ത സ്ഥിരീകരിച്ച് പല്ലിശ്ശേരി, രാജി യാഥാര്‍ത്ഥ്യം; വെളിപ്പെടുത്തല്‍ പിന്നീട്

0
74

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സിനിമാ മംഗളത്തില്‍ നിന്നുള്ള രാജി വാര്‍ത്ത 24 കേരളയോടു സ്ഥിരീകരിച്ച് പല്ലിശ്ശേരി. സിനിമാ മംഗളത്തിന്‍റെ പത്രാധിപ സ്ഥാനത്ത് നിന്നും താന്‍ ഒഴിയുകയാണ്. രാജിക്കത്ത് മംഗളത്തിനു കൈമാറിയിട്ടുണ്ട്. ശനിയാഴ്ച സിനിമാ മംഗളത്തില്‍ നിന്നും ഒഴിവാകും – പല്ലിശ്ശേരി പറഞ്ഞു. രാജിക്ക് കാരണമെന്താണ് എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല.

പക്ഷെ രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ തുറന്നു പറയുക തന്നെ ചെയ്യും. നടന്‍ ദിലീപ് ചെലുത്തിയ സ്വാധീനം കാരണമാണോ തനിക്ക് മംഗളത്തില്‍ തുടരാന്‍ കഴിയാതെ വന്നതെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ദിലീപുമായും
രാജിയുമായും ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്തുക തന്നെ ചെയ്യും – പല്ലിശ്ശേരി പറഞ്ഞു.

സിനിമാ മംഗളത്തില്‍ തുടരാന്‍ കഴിയില്ലെന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ തന്നെ പല്ലിശ്ശേരി അടുപ്പക്കാരോട്‌ പറഞ്ഞിരുന്നു.

അകത്തുകിടന്ന ദിലീപ് പുറത്തു കിടന്ന ദിലീപിനെക്കാള്‍ ശക്തനായിരുന്നു. അപ്പോള്‍ പുറത്തുള്ള ദിലീപിന് ചെയ്യാന്‍ കഴിയാത്തതെന്ത്‌? എന്നായിരുന്നു
പല്ലിശ്ശേരിയുടെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോള്‍ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പ്രതികരിച്ചത്.

ഇത്തരം പ്രതികരണങ്ങളില്‍ നിന്നും പല്ലിശ്ശേരിയുടെ രാജിയ്ക്ക് പിന്നില്‍ ദിലീപിന്റെ അദൃശ്യമായ സാന്നിധ്യം തെളിയുകയാണ്. പുറത്തിറങ്ങിയ ശേഷം മംഗളം പത്രവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ദിലീപ് ശ്രമിച്ചിരുന്നതായും വാര്‍ത്തകളുണ്ട്. ദിലീപും പല്ലിശ്ശേരിയും തമ്മിലുള്ള പോരില്‍ പരുക്ക് പറ്റിയത് ദിലീപിനായിരുന്നു.

മഞ്ജു വാര്യരും ദിലീപും തമ്മില്‍ അകലാന്‍ കാരണം പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടുകള്‍ ആണെന്ന് ദിലീപ് കരുതിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി
ബന്ധപ്പെട്ട് പല്ലിശ്ശേരി സിനിമാ മംഗളത്തില്‍ പ്രസിദ്ധീകരിച്ച തുടരന്‍ റിപ്പോര്‍ട്ടുകളും വെളിപ്പെടുത്തലുകളും കേസില്‍
ദിലീപിന്റെ നില പരുങ്ങലിലാക്കിയിരുന്നു.

ഒടുവില്‍ ദിലീപ് അറസ്റ്റിലാവുകയും ചെയ്തു. ഇപ്പോള്‍ കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരിക്കെയാണ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകളുമായി സിനിമാ മംഗളത്തില്‍ നിറഞ്ഞു നിന്ന പല്ലിശ്ശേരി സിനിമാ മംഗളം എഡിറ്റര്‍ സ്ഥാനം ഒഴിയുന്നത്.