കോടിയേരിയുടെ നിര്‍ണായക നീക്കം ഫലം കാണുന്നു; ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ് സഭ സിപിഎമ്മിന് അനുകൂലമാകുന്നു

0
131

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ് സഭ സിപിഎമ്മിന് അനുകൂലമായി തിരിയുന്നു. കഴിഞ്ഞ ദിവസം നടന്ന ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ അത്തനേഷ്യസിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങളാണ് സഭ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അനുകൂലമാകുന്നു എന്ന സൂചനകള്‍ നല്‍കുന്നത്.

പുത്തന്‍കാവ് പള്ളിയില്‍ വെച്ചായിരുന്നു മാത്യൂസ് മാര്‍ അത്തനേഷ്യസിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. അദ്ദേഹത്തിന്റെ  സ്വന്തം ഇടവകയിലെ പള്ളിയാണ് പുത്തന്‍കാവ്‌ പള്ളി. ഈ പള്ളിയിലെ ശുശ്രൂഷാ ചടങ്ങുകളില്‍ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും സംബന്ധിച്ചിരുന്നു. ബിജെപി നേതാക്കളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ തനിക്ക് ആശംസകള്‍ നേരാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മാത്യൂസ് മാര്‍ അത്തനേഷ്യസ്‌ പ്രകടിപ്പിച്ച സവിശേഷമായ സ്നേഹ ബഹുമാനങ്ങളാണ് ഓര്‍ത്തഡോക്സ് സഭ സിപിഎമ്മിന് അനുകൂലമാകുന്നു എന്ന് വ്യക്തമാക്കിയത്.

മിനിട്ടുകള്‍ നീളുന്ന ഊഷ്മളമായ ആലിംഗനമാണ് ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ ആസ്ഥാനമായ ബഥേല്‍ അരമനയില്‍ എത്തിയ കോടിയേരിക്ക് മാത്യൂസ് മാര്‍ അത്തനേഷ്യസ്‌ നല്‍കിയത്. സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് തന്നെ കാണുവാനും ആശംസകള്‍ അറിയിക്കാനും എത്തിയ കോടിയേരിയോട് അദ്ദേഹം പ്രകടിപ്പിച്ച സവിശേഷ താത്പര്യം ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ് സഭ എങ്ങോട്ട് തിരിയുന്നു എന്ന് വ്യക്തമാക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ നിര്‍ണായകമായ ഈ രാഷ്ട്രീയ നീക്കമാണ് മൂന്നു സഭകളുടെയും പിന്തുണ സിപിഎമ്മിലേക്ക് തിരിയാന്‍ കാരണമായത്. ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ചുവടുകള്‍ വെയ്ക്കുന്ന മാര്‍ത്തോമ സഭയുടെ പിന്തുണയും ഇതോടെ സജി ചെറിയാന് ഉറയ്ക്കുകയാണ്.

സിഎസ്ഐ സഭാംഗമായ സജി ചെറിയാന്‍ ഇതോടെ ചെങ്ങന്നൂരിലുള്ള മൂന്ന് സഭകളുടെയും പിന്തുണ പിടിച്ചു പറ്റുന്ന രീതിയിലേക്ക് നീങ്ങുകയാണ്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ആണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂരില്‍ സിപിഎമ്മിന് വോട്ടുകളുമുണ്ട്. ബിഡിജെഎസ് പിന്തുണയ്ക്ക് വേണ്ടി രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്ന സിപിഎം രഹസ്യമായി എസ്എന്‍ഡിപി വോട്ടുകള്‍ ഉറപ്പിച്ചിട്ടുണ്ട്.

എസ്എന്‍ഡിപിയുടെ പല നേതാക്കളും ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. ശോഭന സിപിഎമ്മിലേക്ക് നീങ്ങിയതോടെ ഇവരുടെ വോട്ടുകളും സിപിഎമ്മിന് അനുകൂലമായി തിരിയും. മൈക്രോ ഫിനാന്‍സ് കേസില്‍ നിന്നും തലയൂരാന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആശ്രയിക്കുന്നത്‌ സിപിഎം നേതൃത്വത്തെയാണ്. ഈ ഘടകങ്ങള്‍ ഫലത്തില്‍ എസ്എന്‍ഡിപിയെ ചെങ്ങന്നൂരില്‍ സിപിഎമ്മിന് അനുകൂലമായി നിര്‍ത്തുന്നു.

തങ്ങളുടെ കുത്തക മണ്ഡലമായിരുന്ന ചെങ്ങന്നൂര്‍ സിപിഎമ്മില്‍ നിന്നും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശക്തമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ അടവുനയങ്ങള്‍ക്ക്‌ മുന്നില്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ വൃഥാവിലാവുകയാണ്. ഇതുകൊണ്ടൊക്കെ തന്നെ ചെങ്ങന്നൂരില്‍ നിലവില്‍ കാര്യങ്ങള്‍ ഇടതുമുന്നണിക്ക്‌ അനുകൂലമാണ്.

സിപിഎം ശക്തമായ രീതിയില്‍ വീടുകള്‍ തോറും സ്ക്വാഡ് വര്‍ക്കുകള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ രീതികള്‍ വ്യത്യസ്തമാണ്. കോണ്‍ഗ്രസ് നാല് വീടുകള്‍ കയറി അടുത്ത നാല് വീടുകള്‍ ഒഴിവാക്കി, ആളുകളെ കണ്ടാല്‍ വോട്ടു ചോദിക്കാതെ നടക്കുന്ന രീതിയാണ്‌ അനുവര്‍ത്തിക്കുന്നത്. ഇത് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നു ഒരുന്നത നേതാവ് 24 കേരളയോടു പറഞ്ഞു.

തങ്ങള്‍ മൂന്നാം സ്ഥാനത്തെത്തും
എന്ന രീതിയില്‍ തന്നെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്. രണ്ടാം സ്ഥാനത്തേക്കോ, ഒന്നാം സ്ഥാനത്തേക്കോ ബിജെപി നീങ്ങും എന്ന ഒരു സൂചനയുമില്ല.
ബിജെപി ഗ്രൂപ്പ് വഴക്കുകള്‍ കസറുകയും ചെയ്യുന്നുണ്ട്. കെ.എം.മാണിക്കെതിരെ വി.മുരളീധരന്‍ എംപി നടത്തിയ ‘അഴിമതിക്കാരുടെ വോട്ടുകള്‍’ എന്ന പ്രയോഗം തന്നെ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.

കാര്യം കഴിഞ്ഞപ്പോള്‍ മുരളീധരന്‍ കലം ഉടച്ച് പോയി എന്ന പ്രയോഗങ്ങള്‍ ബിജെപിയ്ക്ക് അകത്ത് നിന്നും ഉയരുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയ്ക്ക് തന്നെ വി.മുരളീധരനെതിരെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പരാതി നല്‍കേണ്ട ഗതികേട് വരികയും ചെയ്തു. ആലപ്പുഴ യുഡിഎഫ് ചെയര്‍മാന്‍ എം.മുരളി പറയുന്ന പോലെ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ആദ്യ സൂചനകള്‍ പക്ഷെ സിപിഎമ്മിന് അനുകൂലമാണ്.