മലബാര്‍ മെഡിക്കല്‍ കോളേജ് വിഷയം: വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി

0
45


കോഴിക്കോട്: കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശന മേല്‍നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു.

2016-2017 വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് കുരുക്കിലായത്. വിദ്യാര്‍ത്ഥികള്‍ മാനദണ്ഡം ലംഘിച്ചാണ് പ്രവേശനം നേടിയതെന്നാണ് വാദം.

അതേസമയം, കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീം കോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി. സദാശിവം ബില്ല് ഒപ്പിടാതെ തിരിച്ചയയ്ക്കാനാണ് സാധ്യതയെന്നാണ് നിയമ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണര്‍ നിയമ സെക്രട്ടറിയെ വിളിച്ചു വരുത്തിയത്.

ഞായറാഴ്ചയ്ക്കുള്ളില്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സുപ്രീംകോടതി സ്റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. ബില്‍ നിയമവുമാവില്ല. സ്റ്റേചെയ്തിരിക്കുന്ന ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല. അതേസമയം, അടുത്ത മാസം സുപ്രീം കോടതിയില്‍ കേസിന്റെ തുടര്‍വാദം നടക്കാനിരിക്കെ, അതിന്റെ തീര്‍പ്പ് വരുന്നതുവരെ ഗവര്‍ണര്‍ കാത്തിരിക്കാനും സാധ്യതയുണ്ട്.