തിരുവനന്തപുരം: ദളിത് സംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടിവരുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദന്. അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ദളിതര്‍ രംഗത്തിറങ്ങിയാല്‍ ഏതു നഗരവും കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുമെന്ന് ഓര്‍ക്കണമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ ആലങ്കാരികമായി പറഞ്ഞതാണ്. അതിനപ്പുറം ഒന്നുമില്ലെന്നും ഗീതാനന്ദന് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമം സംഘടനയുടെ നിലപാടല്ല. ആ രീതി പിന്തുടരില്ല. എന്നാല്‍ ഹര്‍ത്താലിനിടെ എന്തെങ്കിലും അക്രമം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സംഘടന മാറി നില്ക്കുകയുമില്ല. ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ആഹ്വാനം ജനം ഏറ്റെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ സംഘടനകള്‍ ചിതറിക്കിടക്കുകയായിരുന്നു. ഈ ഹര്‍ത്താലോടെ സംഘടനകള്‍ക്കിടയില്‍ ഐക്യം ഉണ്ടായിട്ടുണ്ട്. നിരവധി ചെറിയ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദളിതരുടെ അടിസ്ഥാന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഹര്‍ത്താല്‍ നടത്തുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ ചിലര്‍ ഹര്‍ത്താലിനെതിരെ പ്രതികരിക്കുന്നത് ശരിയല്ലെന്നാണു സംഘടന ചൂണ്ടിക്കാണിച്ചതെന്നും ഗീതാനന്ദന് പറഞ്ഞു.