നാളത്തെ ഹര്‍ത്താലിന് പൂര്‍ണ പിന്തുണയറിയിച്ച് പി.സി ജോര്‍ജും ജനപക്ഷവും

0
57

കോട്ടയം: തിങ്കളാഴ്ചത്തെ ദളിത് ഹര്‍ത്താലിനു പിന്തുണയുമായി പി.സി ജോര്‍ജിന്റെ ജനപക്ഷം. കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദളിത് ഹര്‍ത്താലിന് അയിത്തം കല്‍പ്പിച്ചപ്പോഴാണ് ജനപക്ഷം പിന്തുണയുമായി രംഗത്തെത്തിയത്. പി.സി ജോര്‍ജ്‌
കുവൈറ്റിലാണ്. എന്നാല്‍ ഹര്‍ത്താലിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോട് പറഞ്ഞു.

അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. നാളെ ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡി നിര്‍ദേശം നല്‍കി.

ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിവധ ദളിത് സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന്‌ ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനും ഹര്‍ത്താലിനെതിരായ വ്യാപാരികളുടെയും ബസ് ഉടമകളുടെയും നിലപാടിനെതിരെ സാമൂഹ്യ പ്രവര്‍ത്തക ധന്യാരാമനും രംഗത്തെത്തിയിട്ടുണ്ട്.