ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അസ്വസ്ഥത

0
95

 

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അസ്വസ്ഥത. ഈ അസ്വസ്ഥത ഏറ്റവും ബാധിച്ചിരിക്കുന്നത് കോണ്‍ഗ്രസിനെയാണ്. കുത്തക മണ്ഡലമായ സീറ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ തവണ അവര്‍ക്ക് നഷ്ടമായിരുന്നു. ആ സീറ്റ് സിപിഎമ്മില്‍ നിന്നും പിടിച്ചെടുക്കണം. പ്രബലരായ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി അറിയപ്പെടുന്ന ഡി.വിജയകുമാര്‍ എന്ന ജനകീയ സ്ഥാനാര്‍ഥിയെ ചെങ്ങന്നൂരില്‍ നിര്‍ത്തിയിട്ടുണ്ട്. ഇനി വേണ്ടത് തിരഞ്ഞെടുപ്പ് ഫണ്ടാണ്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലേ ഫണ്ട് സമാഹരണം ഊര്‍ജിതമാക്കാന്‍ കഴിയൂ. അധികാരത്തില്‍ ഇല്ലാത്തത് കാരണം നിലവില്‍ കെപിസിസിയുടെ ഖജനാവ് കാലിയാണ്. കെപിസിസിയുടെ ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള പ്രയാസം ഹസന് മാത്രമെ അറിയാവൂ. ഫണ്ട് ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ല എന്നറിയാവുന്നത് കൊണ്ട് സംസ്ഥാനത്തൊട്ടാകെ ഫണ്ട് പിരിവിനായി ഹസന്‍ ജനമോചന യാത്രാ തന്നെ തുടങ്ങിക്കഴിഞ്ഞു.

യുവാക്കൾക്കു വഴിയൊരുക്കാൻ പിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തി യാത്ര തുടങ്ങിയ ഹസന്‍ യാത്രയ്ക്ക് വേണ്ടി പിരിക്കേണ്ട തുകയുടെയും വിഹിതത്തിന്‍റെയും കണക്കുകള്‍ ആദ്യമേ തന്നെ ഡിസിസികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ഫണ്ട് കെപിസിസിയുടെ ആവശ്യത്തിനാണ്. ചെങ്ങന്നൂരിലെ ഫണ്ട് വേറെ കണ്ടെത്തണം. അതിനു തിരഞ്ഞെടുപ്പ് വിജ്ഞാപനം വരണം.
വിജ്ഞാപനം വൈകിയാല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വൈകും.

‘ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വൈകുന്നത് കോണ്‍ഗ്രസിന്റെ
ഒരുക്കങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.  ഉപതിരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് കോണ്‍ഗ്രസിനെ മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ബാധിച്ചിട്ടുണ്ട്’ പാര്‍ട്ടി
വക്താവ് പന്തളം സുധാകരന്‍ 24 കേരളയോടു പറഞ്ഞു.

സ്വാഭാവികമായും തിരഞ്ഞെടുപ്പ് വിജ്ഞാപനം നീളുന്നതില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഒന്ന് ഫണ്ട് പ്രശ്നം. ഫണ്ട് സമാഹരണം വേണം. അതിനു വിജ്ഞാപനം വരണം. പിന്നെ കൊടും ചൂട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. ഇത് നീണ്ടുപോകുന്നത് ശരിയല്ല. അതിനു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അമാന്തം കാണിക്കരുത്. തിരഞ്ഞെടുപ്പ് നീളുന്നതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയം കോണ്‍ഗ്രസ് കാണുന്നുണ്ട്.

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് മതി എന്നാണു ബിജെപിയുടെ മനസിലിരുപ്പ്. തിരഞ്ഞെടുപ്പ് നീളുന്നതിലുള്ള ഒരു കാരണം ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത് – പന്തളം പറഞ്ഞു.

തിരഞ്ഞെടുപ്പ് നീളുന്നതില്‍ സിപിഎമ്മിലും ആശങ്കയുണ്ട്. ഒന്നാമത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിപിഎം തിരിച്ച് പിടിച്ച സീറ്റ്. അത് നിലനിര്‍ത്തണം. രണ്ടാമത് സിപിഎം ജില്ലാ സെക്രട്ടറി മത്സരിക്കുന്ന സീറ്റ്. പരാജയമടഞ്ഞാല്‍ അത് സിപിഎമ്മിനെ ദോഷകരമായി ബാധിക്കും.

ചെങ്ങന്നൂരില്‍ തോല്‍വിയുണ്ടായാല്‍ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാനെ അത് വ്യക്തിപരമായും ബാധിക്കും. തോറ്റ ജില്ലാ സെക്രട്ടറിയായി തുടരുക പ്രയാസമാകും. ഒപ്പം ചെങ്ങന്നൂര്‍ തോല്‍വി ഇടത് ഭരണത്തിന്റെ വിലയിരുത്തലാണെന്ന്‌ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്യും. അത് കൂടുതല്‍ പ്രശ്നമുണ്ടാക്കും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും വേഗം വരാന്‍ തന്നെയാണ് സിപിഎം ആഗ്രഹിക്കുന്നത്.

‘ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകുന്നത് ശരിയായ നടപടിയല്ല. എന്തായാലും തിരഞ്ഞെടുപ്പ് നടന്നേ തീരൂ. അപ്പോള്‍ പിന്നെ എന്തിനാണ് വിജ്ഞാപനം വൈകിപ്പിക്കുന്നത്? -ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ 24 കേരളയോടു പറഞ്ഞു.
തിരഞ്ഞെടുപ്പ് തീയതി എന്തായാലും പ്രഖ്യാപിക്കേണ്ടി വരും. ബിജെപിക്ക്‌
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ താത്പര്യമുണ്ട്. അവര്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനില്‍ക്കുകയാണ് എന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തന്നെ ബിജെപി ഇടപെടുകയാണ് എന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

കേന്ദ്ര ഭരണത്തിന്റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ചെലുത്തും എന്ന് ബിജെപി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ചെങ്ങന്നൂരില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. ചെങ്ങന്നൂരിനെ സംബന്ധിച്ച് സിപിഎമ്മിന് യാതൊരു ആശങ്കയുമില്ല. ശുഭപ്രതീക്ഷ തന്നെയാണുള്ളത്.
അവിടുത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ സിപിഎം കൊണ്ട് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ പൂര്‍ണ വിശ്വാസവുമുണ്ട് – വൈക്കം വിശ്വന്‍ പറഞ്ഞു.

എന്നാല്‍ ചെങ്ങന്നൂരുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരായ എല്ലാ ആരോപണങ്ങളും ബിജെപി വക്താവ് എം.എസ്.കുമാര്‍ തള്ളിക്കളയുന്നു. പൊതു തിരഞ്ഞെടുപ്പിനോട് ഒപ്പം ഉപതിരഞ്ഞെടുപ്പ് പൊതുവെ
പ്രഖ്യാപിക്കാറില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ പറയുന്ന ന്യായം ഇതാണ്. ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സ്വാധീനം ചെലുത്തുന്നു എന്നൊക്കെ വെറും പ്രചാരണം മാത്രം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നീട്ടിയത് കൊണ്ട് ബിജെപിക്ക് എന്ത് പ്രയോജനമാണുള്ളത്? തിരഞ്ഞെടുപ്പ് നീണ്ടുപോയാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ബിജെപിയ്ക്കും ഉണ്ട്. ബിജെപിക്ക് എതിരെ ഏത് ആരോപണവും ഉന്നയിക്കാം എന്നുള്ളത് കൊണ്ടാണ് ഇങ്ങിനെ പറയുന്നത്. ചെങ്ങന്നൂരുമായി ബന്ധപ്പെട്ട് ബിജെപിയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ല. എല്ലാ ആരോപണങ്ങളും ബിജെപി തള്ളിക്കളയുന്നു – എം.എസ്.കുമാര്‍ പറഞ്ഞു.

കേരളത്തിലെ പ്രമുഖ മൂന്നു പാര്‍ട്ടികളും മൂന്നു രീതിയിലാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വൈകുന്നതിനെ കാണുന്നത്. പക്ഷെ വിവിധ കാരണങ്ങള്‍ കൊണ്ട് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ അസ്വസ്ഥത ജനിപ്പിക്കുന്നു.