പാനൂരില്‍ വ്യാപാരിയുടെ പോക്കറ്റടിച്ച അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പൊലീസ് പിടികൂടി

0
44

കൂത്തുപറമ്പ്: പാനൂരിലെ വ്യാപാരിയുടെ പോക്കറ്റടിച്ച അന്തര്‍ സംസ്ഥാന മോഷ്ടാവ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായി. തില്ലങ്കേരി പനക്കാട് തെരുവിലെ കുന്നോത്ത് ഭാസ്‌കര (43) നെയാണ് പൊലീസ് പിടികൂടിയത്. പാനൂരിലെ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ഒ.ടി നവാസിന്റെ പോക്കറ്റടിച്ച കേസിലാണ് ഭാസ്‌കരന്‍ പിടിയിലായത്. കൂത്തുപറമ്പ് ബസ് സ്റ്റാന്റില്‍ നിന്നും ഇരിട്ടി ബസില്‍ കയറവെയാണ് സ്റ്റാന്റില്‍ നിലയുറപ്പിച്ചിരുന്ന ഭാസ്‌കരന്‍ നവാസിന്റെ പോക്കറ്റടിക്കുന്നത്. 26,500 രൂപ, എ.ടി.എം, കാര്‍ഡ്, ലൈസന്‍സ്, പാന്‍, ആധാര്‍ കാര്‍ഡുകള്‍ തുടങ്ങിയവയടങ്ങിയ പഴ്‌സാണ് കവര്‍ച്ച ചെയ്തത്.

നവാസിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയ കൂത്തുപറമ്പ് എസ്.ഐ കെ.വി നിഷിത്തും സംഘവും ബസ് സ്റ്റാന്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭാസ്‌കരന്റെ തില്ലങ്കേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പഴ്‌സും പണവും കണ്ടെത്തുകയായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി മോഷണ കേസുകളിലും പോക്കറ്റടിക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു കേസില്‍ വടകര കോടതിയില്‍ ഹാജരായി മടങ്ങി വരും വഴിയാണ് കൂത്തുപറമ്പില്‍ നിന്നും ഇയാള്‍ പോക്കറ്റടിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.