ഹര്‍ത്താല്‍: പട്ടാമ്പിയില്‍ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്

0
39

പട്ടാമ്പി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി മിന്നൽ ബസിനു നേരെ കല്ലേറ്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. പാലക്കാട് ജില്ലയിലെ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സംസ്ഥാനത്ത് പലയിടത്തും ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് തടസപ്പെട്ടിരിക്കുകയാണ്. തൃശൂരിൽ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി.

ഹര്‍ത്താല്‍ അനുകൂലികള്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും അടൂരും വാഹനങ്ങള്‍ തടഞ്ഞു. മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികളില്‍ ശാന്തമാണ്. മലപ്പുറത്ത് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കെ.എസ്.ആര്‍.ടി.സി ചുരുക്കം ചില സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. നഗരത്തിലെ വ്യാപരസ്ഥാപനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ ബസുകള്‍ കോട്ടയത്ത് സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങളും കാര്യമായി കോട്ടയത്ത് നിരത്തിലറിങ്ങുന്നില്ല.

ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടകള്‍ അടപ്പിക്കാനും ശ്രമമുണ്ടായി. പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.