അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

0
40

അള്‍ജിയേഴ്‌സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രപേര്‍ മരിച്ചു എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

അള്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. അള്‍ജീരിയന്‍ വ്യോമസേനയുടെ താവളമാണിത്. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇവരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്.

പരുക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കുന്നതായും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. അപകടസ്ഥലത്തു നിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അള്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള സൈനിക വിമാനമാണ് തകര്‍ന്നുവീണത്.