അവസാന നിമിഷത്തില്‍ വിജയഗോള്‍;ഹോക്കിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

0
68

ആവേശകരമായ ഹോക്കി പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ. മത്സരത്തില്‍ 4-3 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. 52ാം മിനുട്ട് വരെ 2-1നു ലീഡ് കൈവശപ്പെടുത്തിയ ഇന്ത്യ നാല് മിനിട്ടിനുള്ളില്‍ ഇംഗ്ലണ്ടിന്റെ രണ്ട് ഗോളുകള്‍ക്ക് വഴങ്ങി. എന്നാല്‍ 58ാം മിനിട്ടില്‍ സമനില ഗോള്‍ നേടി മല്‍സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിജയ ഗോളും നേടി ഇന്ത്യ വിജയം നേടി.

മത്സരത്തില്‍ 5 ഗോളുകളാണ് അവസാന പത്ത് മിനിട്ടില്‍ ഇരുടീമുകളില്‍ നിന്നുമുണ്ടായത്. ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ ഡേവിഡ് കോണ്ടോണിന്റെ ഗോളില്‍ ഇംഗ്ലണ്ടായിരുന്നു ലീഡ് ചെയ്തിരുന്നത്. രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ മന്‍ദീപ് സിംഗ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തി.

51ാം മിനുട്ടില്‍ രൂപീന്ദര്‍ പാല്‍ സിംഗിന്റെ തകര്‍പ്പന്‍ ഗ്രാഗ് ഫ്‌ളിക്കിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ലിയാം ആന്‍സെല്‍ ആയിരുന്നു സ്‌കോറര്‍. 56ാം മിനുട്ടില്‍ സാം വാര്‍ഡ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. എന്നാല്‍ വരുണ്‍ കുമാറും മന്‍ദീപ് സിംഗും നേടിയ ഗോളില്‍ ഇന്ത്യ മത്സരം സ്വന്തമാക്കി

ഇതോടെ വിജയത്തോടെ ശക്തരായ ഓസ്‌ട്രേലിയയെ നേരിടേണ്ടത് ഇന്ത്യയ്ക്ക് ഒഴിവാക്കാനായി. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയ്ക്ക് സെമിയില്‍ ന്യൂസിലാണ്ടാണ് എതിരാളികള്‍. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.