ജക്കാർത്ത: ഇന്തോനേഷ്യയിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി. തലസ്ഥാനമായ ജക്കാർത്തയിലും വെസ്റ്റ് ജാവ പ്രവിശ്യയിലുമാണ് മദ്യദുരന്തമുണ്ടായത്. വിഷമദ്യം കഴിച്ച നൂറിനടുത്ത് ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
മദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേർപ്പിക്കാത്ത ആൽക്കഹോളിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പച്ചമരുന്നുകളും എനർജി ഡ്രിങ്കുകളും കലർത്തിയ മദ്യമാണ് ദുരന്തം വിതച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത്തരം മദ്യത്തിൽ ഒരു വിതരണക്കാരൻ കീടനാശിനി ചേർത്തതായി പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2016ൽ ഇന്തോനേഷ്യയിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് 36 പേർ മരിച്ചിരുന്നു.