കീഴാറ്റൂരില്‍ വയല്‍ക്കിളികളെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം; സമരക്കാരുടെ വീടുകള്‍ പി.ജയരാജന്‍ സന്ദര്‍ശിച്ചു

0
33

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും പുറത്താക്കിയ പതിനൊന്ന് പേരുടെ വീടുകള്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശനം നടത്തുന്നു. വയല്‍ക്കിളി സമരത്തില്‍പ്പെട്ട പ്രസന്നന്‍, രജീഷ്, എം.ബാലന്‍ എന്നവരുടെ വീട്ടിലാണ് നേതൃത്വം ഇതുവരെയെത്തിയത്.

സമരത്തില്‍ നിന്ന് പിന്മാറണമെന്നും സമരം ബിജെപിയും ആര്‍എസ്.എസും മുതലെടുക്കുകയാണെന്നും പി.ജയരാജന്‍ സമരക്കാരോട് പറഞ്ഞു. സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം സമരക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം സമരക്കാരുടെ വീടുകളിലെത്തി ആവശ്യപ്പെട്ടു. സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ സന്തോഷ്, എം.മുകുന്ദന്‍ എന്നിവരാണ് പി.ജയരാജനൊപ്പം സമരക്കാരുടെ വീടുകളിലെത്തിയത്.

അതിനിടെ, സമരത്തിനോട് യാതൊരു ബന്ധവും പാടില്ലെന്ന നിര്‍ദേശം നല്‍കിയതായും വെള്ളപേപ്പറില്‍ ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. എന്നാല്‍ പേപ്പറില്‍ ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോംഗ് മാര്‍ച്ചടക്കമുള്ള ശക്തമായ സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരത്തിലുള്ളവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് പി.ജയരാജന്റെ നേതൃത്വത്തില്‍ തുടക്കമായിരിക്കുന്നത്.