ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധം; റേഷന്‍ വിതരണം നിര്‍ത്തിവച്ച് വ്യാപാരികള്‍

0
30

തിരുവനന്തപുരം: മലയാളികളുടെ വിഷു ആഘോഷത്തിന് ഇത്തവണ റേഷന്‍ ഇല്ല. റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളിലെത്തിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് റേഷന്‍ വ്യാപാരികള്‍ വിതരണം നിര്‍ത്തിവച്ചത്. സാധാരണക്കാര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.

ഏപ്രില്‍ 10നകം സംസ്ഥാനത്തെ മൊത്തം റേഷന്‍ കടകളിലും ഇപോസ് മെഷീന്‍ സ്ഥാപിക്കുമെന്നും റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളിലെത്തിച്ച് നല്‍കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് റേഷന്‍ വ്യാപാരികള്‍ വിതരണം നിര്‍ത്തി വച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ സംബന്ധിച്ചുള്ള വിവരം റേഷന്‍ കടയില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. സാധനങ്ങളുടെ ബില്ലും യന്ത്രം വഴി നല്‍കും. ഉപഭോക്താവിന്റെ വിരലടയാളം മെഷീനില്‍ പതിപ്പിക്കുകയും വേണം. അതിനുശേഷമാണ് ബില്‍ തയാറാക്കുക. മെഷീന്‍ ഏതാനും ദിവസം മുമ്പ് കടകളില്‍ എത്തിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശീലനം കടക്കാര്‍ക്ക് നല്‍കി വരുന്നു.

റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കളെ മൊബൈല്‍ ഫോണ്‍ സന്ദേശം വഴി അറിയിക്കാനും തുടങ്ങി. റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിലെ ദുരുപയോഗം തടയാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. റേഷന്‍ വാങ്ങാത്തവരുടെ അരിയും മറ്റും എഴുതിയെടുക്കാന്‍ വ്യാപാരിക്ക് സാധിക്കില്ല. എന്നാല്‍, പുതിയ രീതി പ്രാവര്‍ത്തികമാകാന്‍ ഏറെ സമയമെടുക്കുമെന്നാണ് സൂചന.