എം.മനോജ് കുമാര്‍
തിരുവനന്തപുരം: ഒരു കേസിലും പ്രതിയല്ലാത്ത ശ്രീജിത്തിനെ ആളുമാറി തൊഴിച്ച് കൊന്നതില്‍ പൊലീസില്‍ കടുത്ത അതൃപ്തി. പൊലീസ് മേധാവികള്‍ ആരും തന്നെ വരാപ്പുഴ കസ്റ്റഡി മരണത്തെ ന്യായീകരിക്കുന്നില്ല. ഒരു വിഭാഗം പൊലീസുകാര്‍ കേരളാ പൊലീസിന് തന്നെ അപമാനമായി മാറുകയാണെന്നാണ് ഉന്നത പൊലീസ് മേധാവികള്‍ വിലയിരുത്തുന്നത്.
വരാപ്പുഴയിലേത് കസ്റ്റഡി മരണം എന്ന് പോലും പറയാന്‍ പൊലീസ് മിനക്കെടുന്നില്ല. ഇത് ഒരു കൊലപാതകമാണ്. ഉറങ്ങിക്കിടന്ന ആളെ വിളിച്ചുണര്‍ത്തി ചവിട്ടിക്കൊല്ലുക. ഇതാണ് വരാപ്പുഴയില്‍ നടന്നത്. ഇതിനെ കൊലപാതകം എന്നുതന്നെ വിശേഷിപ്പിക്കണം. കസ്റ്റഡി മരണം എന്ന് പറയുമ്പോള്‍ വിഷയം തീരെ ലഘൂകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ജയിലിലെ മരണങ്ങള് മരണങ്ങള് എല്ലാം കസ്റ്റഡി മരണം എന്ന പേരിലാണ് അറിയപ്പെടുക. അതുകൊണ്ട് ഇത് കസ്റ്റഡി മരണമല്ല.
ജയിലിലെ മരണങ്ങള് തൊണ്ണൂറ്റൊമ്പത് ശതമാനവും സാധാരണ മരണങ്ങളാണ്. 70 കഴിഞ്ഞ ഒട്ടനവധി പേര് ജയിലുകളിലുണ്ട്. സാധാരണ മരണങ്ങളാകും മിക്കവരുടെയും. പക്ഷെ റെക്കോര്‍ഡുകളില്‍ കസ്റ്റഡി മരണം എന്ന് രേഖപ്പെടുത്തും. പക്ഷെ പൊലീസ് മര്‍ദ്ദനമേറ്റുള്ള മരണം ‘കൊലപാതകം’ എന്ന രീതിയില്‍ തന്നെ രേഖപ്പെടുത്തപ്പെടണം.
പീഡനം മൂലമുള്ള മരണം കൊലപാതകമായിത്തന്നെ രേഖപ്പെടുത്തണം എന്ന ആവശ്യമാണ് ഉയരുന്നത്. പൊലീസിലെ വ്യാപകമാകുന്ന ക്രിമിനല്‍വത്ക്കരണത്തിന്റെ തെളിവായാണ് ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നത്.
എന്ത് ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കും എന്നുറപ്പുള്ള ചില പൊലീസുകാരുടെ ചെയ്തികളാണിത്. യുപി പൊലീസും കേരളാ പൊലീസും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ചോദ്യം ഉയരുന്നു. യുപിയില്‍ യുവതിയെ എംഎല്‍എ തന്നെ ബലാത്സംഗത്തിനിരയാക്കി. നടപടി എടുക്കാത്തതിനെ തുടര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി ആത്മഹത്യാ ശ്രമം നടത്തി. ഇതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് യുവതിയുടെ അച്ഛന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം ഇന്ത്യയില്‍ തന്നെ വിവാദമായപ്പോഴാണ് അതേസമയത്തുതന്നെ കേരളത്തിലും കസ്റ്റഡി മരണം അരങ്ങേറുന്നത്. യുപിയില്‍ യുവതിയുടെ പിതാവിനെ പൊലീസ് മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.
പോലീസിലെ അമിത ജോലി ഭാരമോ, മാനസിക സംഘര്‍ഷമോ ഒന്നും തന്നെ വരാപ്പുഴയിലെ കസ്റ്റഡി മരണവുമായി ചേര്‍ത്ത് വയ്ക്കാന്‍ കഴിയില്ലെന്നാണ് സേനയിലുള്ളവര്‍ തന്നെ പറയുന്നത്. ഒരു ക്രമസമാധാന പ്രശ്നവും വരാപ്പുഴയിലില്ല. പിടിച്ച ആള് പ്രതിയെങ്കില്‍ ആ ആള്‍ക്കെതിരെ നടപടി എടുത്താല്‍ മാത്രം മതി. ഒരു റിക്കവറി പോലും നടത്തേണ്ട ആവശ്യമില്ല.
യുപിയിലായാലും കേരളത്തിലായാലും ഇത്തരം കേസുകളില്‍ പൊലീസുകാര്‍ക്ക് കര്‍ശന ശിക്ഷ തന്നെ കിട്ടും എന്നുറപ്പായാല്‍ മാത്രമേ ഇത് അവസാനിക്കൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കസ്റ്റഡി മരണങ്ങള് ആവര്‍ത്തിക്കരുത് എന്ന് കേരളാ പൊലീസ് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ചില പൊലീസുകാര്‍ കസ്റ്റഡി മരണത്തിനു വഴി വയ്ക്കുകയും ചെയ്യുന്നു.
പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണം ഇതിനു തെളിവാണ്. വീട്ടമ്മയെ ക്രൂരമായി കൊന്ന കേസിലെ പ്രതികളില്‍ ഒരാളായ സമ്പത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. ഇപ്പോള്‍ വരാപ്പുഴയിലെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ ആദ്യം നിയുക്തനായ ഐ ജി വിജയ് സാഖറെ സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു.
പക്ഷേ ഡിജിപി തന്നെ ഈ സംഘത്തിന്റെ നേതൃത്വത്തില്‍ നിന്ന് വിജയ് സാഖറെയെ മാറ്റുകയായിരുന്നു. പിന്നീടാണ് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് തലവനായുള്ള അന്വേഷണ സംഘം പ്രഖ്യാപിക്കപ്പെട്ടത്. വരാപ്പുഴയില്‍
സംഘട്ടനം നടന്നിട്ടുണ്ടാകും. പക്ഷെ ബന്ധപ്പെട്ട വ്യക്തി തൂങ്ങിമരിക്കുകയായിരുന്നു.
കൊലപാതകമല്ല നടന്നത്.
പൊലീസിന് സാവകാശമുണ്ട്. പ്രതികള്‍ ആരും ഒളിവില്‍ പോയിട്ടില്ല. ആളുമാറി പിടിക്കേണ്ട കാര്യവുമില്ല. പിടിച്ച ആളെ മൃഗീയമാം വിധം ചവിട്ടിക്കൊന്നു. മനുഷ്യാവകാശ കമ്മിഷനെക്കൊണ്ട് രൂക്ഷ വിമര്‍ശനവും കേള്‍പ്പിച്ചു. ബിജെപിക്കാര്‍ക്ക് വരാപ്പുഴയില്‍ അഴിഞ്ഞാടാന്‍ അവസരവും കൊടുത്തു. ഈ രീതിയിലുള്ള പരാക്രമം വരാപ്പുഴയില്‍ പൊലീസ് എന്തിനു നടത്തി എന്ന ചോദ്യമാണ് സേനയ്ക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നത്.
ഒരു പ്രതിയെ പിടിച്ചുകൊണ്ട് പോകുമ്പോള്‍ ഇത്രയും ക്രൂരമര്‍ദ്ദനത്തിന്റെ ആവശ്യമില്ല. പൊലീസ് വലിയ പിഴവുകളിലേക്ക് ആണ് നീങ്ങുന്നത്. ആളെ പിടിച്ച ഉടന്‍ തന്നെ സ്ഥിരീകരണത്തിനു പോലും നില്‍ക്കാതെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഷ്ട്രീയ സ്വാധീനം കൂടി ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടുകാര്‍ക്ക് വേണ്ടി ശക്തമായ രാഷ്ട്രീയ സ്വാധീനം ചിലര്‍ ചെലുത്തിയിട്ടുണ്ടാകാം. പൊലീസിന്റെ നടപടികളില്‍ നിന്ന് ഇതാണ് തെളിയുന്നത്.
കസ്റ്റഡി മരണം ഇല്ലാതിരിക്കാനാണ് പൊലീസ് സ്റ്റേഷനുകളില്‍ ക്യാമറാ ഘടിപ്പിക്കുകയും നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത്. ഈ നടപടികള്‍ തുടര്‍ന്ന് പോരുന്നുമുണ്ട്. കസ്റ്റഡിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചും ജില്ലാ സ്പെഷല്‍ ബ്രാഞ്ചുമൊക്കെ പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.
പക്ഷെ വരാപ്പുഴ സംഭവം വ്യത്യസ്തമാണ്. കലി തീര്‍ക്കും വിധം പിടിച്ച സമയത്ത് തന്നെ മര്‍ദ്ദിക്കുകയാണ് ചെയ്തത്. ഇത് ശ്രീജിത്തിന്റെ മരണത്തിലാണ് കലാശിച്ചത്.
സ്റ്റേഷന് ഉള്ളില്‍ കൊണ്ടുവരാതെ തന്നെയാണ് മര്‍ദ്ദിച്ചത്. ഇതാണ് ഭാര്യയും പറയുന്നത്. ഇതൊക്കെ കൊണ്ട് തന്നെ വരാപ്പുഴയിലേത് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് വാദം. യാതൊരു ദാക്ഷിണ്യവും കാണിക്കാതെ, ഈ കേസിലെ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വരുമോ? അതാണ് കേരളം ഉറ്റുനോക്കുന്നത്.