എം.മനോജ് കുമാര്‍
തിരുവനന്തപുരം: അഹങ്കാരം മുഖമുദ്രയാക്കിയ പൊലീസിലെ ആക്ഷന്‍ ഹീറോ ബിജുമാരെ കടുത്ത ശിക്ഷ നല്കി നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടത് വെറുതെയല്ലെന്ന് പൊലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ് 24 കേരളയോടു പറഞ്ഞു.
ജേക്കബ് പുന്നൂസിന്റെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായതു പോലെയാണ് പൊലീസിലെ ആക്ഷന്‍ ഹീറോ ബിജുമാര്‍ അഴിഞ്ഞാടുന്നത് വാരാപ്പുഴയില്‍ കേരളം കണ്ടത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് ആക്ഷന്‍ ഹീറോ ബിജുമാരെ കടുത്ത ശിക്ഷ നല്കി നിയന്ത്രിക്കണം എന്ന വിവാദ പ്രസ്താവനയുമായി ജേക്കബ് പുന്നൂസ് മുന്നോട്ടുവന്നത്.
ജേക്കബ് പുന്നൂസിന്റെ വാക്കുകള്‍ ശരിവെച്ചാണ് കൊച്ചി പൊലീസിലെ ആക്ഷന്‍ ഹീറോ ബിജുമാര്‍ അഴിഞ്ഞാടിയത്. പിടിച്ചത് നിരപരാധി ആണോ എന്ന് പോലും നോക്കാതെയാണ് കൊച്ചി കമ്മിഷണറുടെ പ്രത്യേക ടീമിലുള്ള പൊലീസുകാര്‍ ഒരു കുടുംബത്തിന്റെ ആലംബമായ ശ്രീജിത്തിനെ രാത്രി വീടിനു മുന്നിലിട്ട് ചവിട്ടിക്കൂട്ടിയത്. ഈ മര്‍ദ്ദനം ശ്രീജിത്തിന്റെ മരണത്തിനു കാരണമാകുകയും ചെയ്തു.
കസ്റ്റഡി മരണങ്ങള് പൊലീസിന് ഒഴിവാക്കാന്‍ കഴിയില്ല. കാരണം കസ്റ്റഡിയില്‍ ഉള്ളവര്‍ ചിലപ്പോള്‍ സ്വാഭാവിക മരണത്തിന് ഇരകളാകും. എന്നാല്‍ പൊലീസ് മര്‍ദ്ദനം കാരണം കസ്റ്റഡിയിലുള്ള ഒരാളും മരിക്കാന്‍ പാടില്ല. കേരളാ പൊലീസ് ശ്രദ്ധിക്കേണ്ട കാര്യമാണത്.
കേസ് തെളിയാന്‍ വേണ്ടിയോ, പാഠം പഠിപ്പിക്കാന്‍ വേണ്ടിയോ, ശിക്ഷിക്കാന്‍ വേണ്ടിയോ കസ്റ്റഡിയിലുള്ള
ഒരാളെയും പൊലീസ് മര്‍ദ്ദിക്കരുത്. വിദേശ രാജ്യങ്ങളില്‍ കുറ്റവാളികളെ പൊലീസ് മര്‍ദ്ദിക്കാത്ത രീതിയാണ് തുടരുന്നത്. അത് ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ടുവരാന്‍ കഴിയണം. പ്രതിയോട് മാന്യമായി പെരുമാറുന്ന ഒരു സംസ്ക്കാരം കേരളത്തില്‍ വരണം.
പ്രതികളോട് മാന്യമായി പെരുമാറുന്നത് തെറ്റാണെന്നു മാധ്യമങ്ങള്‍ക്ക് വരെ വിചാരമുണ്ട്. പ്രതിയെ വേണ്ട വിധം കൈകാര്യം ചെയ്തില്ലെങ്കില്‍ ആദ്യം രംഗത്ത് വരുന്നത് മാധ്യമങ്ങളാണ്. അതും ഓര്‍ക്കണം. പ്രതിയോട് പൊലീസ് മാന്യമായി പെരുമാറിയാല്‍ മൃദു സമീപനം സ്വീകരിച്ചു എന്ന് മാധ്യമങ്ങള്‍ എഴുതും – ജേക്കബ് പുന്നൂസ് ചൂണ്ടിക്കാണിച്ചു.
മനുഷ്യാവകാശങ്ങള്‍ ഏതു പ്രതിക്കും ബാധകമാണ്. അക്കാര്യം പൊലീസ് തന്നെ പറയുമ്പോള്‍ മാത്രമെ ആ വ്യവസ്ഥിതി മാറുകയുള്ളൂ. ക്രൂരതയാണ് നമ്മുടെ സാമൂഹിക തിന്മകള്ക്കുള്ള പരിഹാരമെന്നു പൊലീസും ജനങ്ങളും വിശ്വസിക്കുമ്പോഴാണ് വരാപ്പുഴ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. നമ്മുടെ ശത്രുക്കളെ പൊലീസിന് മര്‍ദ്ദിക്കാം. മിത്രങ്ങളെ പക്ഷെ പൊലീസ് മര്‍ദ്ദിക്കരുത്. ഈ ചിന്തയാണ് എല്ലാവര്ക്കും. അത് തന്നെ ശരിയല്ല.
മര്‍ദ്ദനം പൊലീസിന്റെ അടിസ്ഥാന പ്രമാണമാകരുത്. പിന്നെ എന്തിനാണ് പൊലീസ്? നിയമാധിഷ്ഠിതമായ
പൊലീസ് സംവിധാനം ഉണ്ടാക്കിയത് തന്നെ മര്‍ദ്ദനം പാടില്ലെന്ന് വെച്ചിട്ടാണ്. അല്ലെങ്കില്‍ പഴയ കാലത്ത്
തച്ചോളി ഒതേനനും ആരോമല്‍ ചേകവരും ഒക്കെ ചെയ്തതുപോലെ പ്രശ്നങ്ങള്‍ അങ്കം വെട്ടി തീര്‍ത്താല്‍ മാത്രം പോരെ? ഇതാണോ പൊലീസ്? കസ്റ്റഡിയിലുള്ള പ്രതിയെ ഒരു കാരണവശാലും മര്‍ദ്ദിക്കാന്‍ പാടില്ലെന്ന് പൊലീസ് തീരുമാനിക്കണം.
ഇത് പൊലീസിന്റെ അടിസ്ഥാന പ്രമാണം തന്നെയാക്കണം. ഈ കാര്യത്തില്‍ പൊലീസിന്റെ പെരുമാറ്റവും സമൂഹത്തിന്റെ പ്രതികരണവും ഒരേ രീതിയിലാകണം. ഇത് രണ്ടും പ്രധാനപ്പെട്ടതാണ്. കസ്റ്റഡിയില്‍ ഉള്ളവരെ പൊലീസ് മര്‍ദ്ദിച്ചില്ല, മാന്യമായി പെരുമാറി എന്നുള്ള എത്രയോ പരാതികള്‍ വന്നിട്ടുണ്ട്. എത്രയോ വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
പൊലീസിന്റെ കാര്യക്ഷമത എന്ന് പറഞ്ഞാല്‍ പ്രതിയെ ഭേദ്യം ചെയ്യുന്നതിലുള്ള മിടുക്കാണ് എന്നൊരു വിചാരം സമൂഹത്തില്‍ വന്നിട്ടുണ്ട്. ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ തേങ്ങ കൊണ്ട് പ്രതിയെ ഇടിക്കുന്ന രംഗമുണ്ട്. അതുകണ്ടപ്പോള്‍ എല്ലാവര്ക്കും സന്തോഷമായി. ആ സിനിമ ഹിറ്റായതുകൊണ്ടാണ് നമ്മള് പറയുന്നത്. അങ്ങിനെ ഒരു വികാരം സമൂഹത്തിലുണ്ട്. കുറ്റവാളിയെ പിടിച്ച് മര്‍ദ്ദിക്കുന്നത് ശരിയാണ് എന്നൊരു വിചാരം സമൂഹ മനസാക്ഷിയില് എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്.
ഞാനുമൊരു ഹീറോയാണ് എന്ന് പറഞ്ഞു പൊലീസും അത് തന്നെ ചെയ്യും. കാര്യക്ഷമത കാണിക്കാന്‍ വേണ്ടി, മിടുക്ക് കാണിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ഇത് പരിപൂര്‍ണമായി ഇല്ലാതാക്കണം. സമൂഹനേതാക്കളും ആധ്യാത്മിക നേതാക്കളും മാധ്യമങ്ങളും ഇതിനായി ശബ്ദിക്കണം. എന്നിട്ട് സമൂഹത്തില്‍ നിന്നും ഇത്തരമൊരു വികാരം ഇല്ലാതാക്കണം. നിലവില്‍ എല്ലാ പ്രതികളെയും ശരിയാക്കണം എന്നാണ് നമ്മുടെ ഒരു ഭാവം. മനസിലുള്ള കാര്യം – ജേക്കബ് പുന്നൂസ് പറഞ്ഞു.
കസ്റ്റഡിയിലുള്ളവരെ അറുത്ത് മുറിച്ച് കഷ്ണിച്ച് പുഴുങ്ങിത്തിന്നണം എന്നാണ്. ഇവിടെ പൊലീസുകാര്‍ പ്രതിയായാലും ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നതും. എല്ലാവര്ക്കും നല്‍കാനുള്ളത് കര്‍ശന, നിയമപരമായ ശിക്ഷയാണ്. പ്രതിയുടെ നിയമപരമായ അവകാശത്തെക്കുറിച്ച് ആരും ബോധവാന്മാരല്ല. അത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പൊലീസുകാര്‍ ചെയ്യുന്ന തെറ്റും സമൂഹം ചെയ്യുന്ന തെറ്റും ഒന്നുതന്നെയാണ്.
ഒരുത്തന് പ്രതിയായി കഴിഞ്ഞാല്‍ പിന്നെ അവനോടു എന്തും ആകാം. ഈ മനോഭാവം നമ്മുടെ പോലീസില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കണം. പൊലീസ് ഒരു വ്യവസ്ഥാപിത സേനയാണ്. അച്ചടക്കമുള്ളവരാണ്. എന്തെല്ലാം സമ്മര്‍ദ്ദം ഉണ്ടായാലും ശരി പൊലീസ് പ്രതിയെ മര്‍ദ്ദിക്കരുത്. കേരളാ പൊലീസ് പയറ്റുന്നത്
200 കൊല്ലമായി പഠിച്ച് വച്ച കാര്യമാണ്. ഒരു തലമുറ പൂര്‍ണമായി വിചാരിച്ചാല്‍ മാത്രമേ ഇത് മാറുകയുള്ളൂ.
മുക്കാലിയില്‍ കെട്ടി അടിയും കൈ തിളച്ച വെളിച്ചെണ്ണയില്‍ മുക്കുന്നതും കേരളത്തില്‍ നിയമപരമായി നിലനിന്ന ശിക്ഷാവിധികളായിരുന്നു. ഇത്തരം ബോധ്യങ്ങള്‍ ഇപ്പോഴും സമൂഹ മനസിലുണ്ട്. ഈ ബോധ്യങ്ങള്‍ മാറണമെങ്കില്‍ ഒന്ന് രണ്ടു പതിറ്റാണ്ട് നീളുന്ന സാമൂഹ്യ സമ്മര്‍ദം പൊലീസിന് മുകളിലും സമൂഹത്തിനു മുകളിലും ചെലുത്തേണ്ടി വരും. എല്ലാവരുടെയും അവകാശങ്ങള്‍ നിയമപരമായി പാലിക്കേണ്ടിവരുമ്പോഴാണ് ജനാധിപത്യം പുലരുന്നത്.
എതിരാളിയെ തകര്‍ക്കുക എന്നതാണ് നമ്മുടെ ചിന്ത. അത് സ്വേച്ഛാധിപതിയുടെ ചിന്താഗതിയാണ്. നിയമാധിഷ്ഠിത
സമൂഹത്തിനു വേണ്ടി നമ്മള് വാദിക്കണം. അത്തരം സമൂഹമാണ് നമുക്ക് വേണ്ടത്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. എല്ലാവരും നിയമം മാത്രമേ ചെയ്യാവൂ. പൊലീസും അങ്ങിനെയേ ചെയ്യാവൂ. മേലുദ്യോഗസ്ഥന് പറഞ്ഞാലും നിയമം മാത്രമേ ചെയ്യാവൂ. സമൂഹം പറഞ്ഞാലും നിയമം മാത്രമേ ചെയ്യാവൂ. കാക്കി മാറ്റണമെന്ന് പറയും. കാക്കി മനസിലുള്ളതാണ് പ്രശ്നം. അല്ലാതെ ശരീരത്തിലുള്ളതല്ല. ജനങ്ങളോടുള്ള സ്നേഹമായിരിക്കണം പൊലീസിന്റെ നിറം – ജേക്കബ് പുന്നൂസ് പറഞ്ഞു.