ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് പോസ്റ്റിട്ട വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയതായി കൊടക് മഹീന്ദ്ര

0
146

കൊച്ചി: കത്വയില്‍ എട്ട് വയസുകാരി ആസിഫ എന്ന പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മലയാളിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെ കൊടക് മഹീന്ദ്ര സ്ഥാപനത്തില്‍ നിന്നും പുറത്താക്കി.

വിഷ്ണുവിനെ പിരിച്ചുവിട്ടതായി കൊടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. മോശം പെര്‍ഫോമന്‍സിന്റെ പേരില്‍ 11ാം തിയതി പിരിച്ചുവിട്ടതായാണ് കൊടക് മഹീന്ദ്ര പറയുന്നത്. വലിയൊരു ദുരന്തത്തോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഹൃദയശൂന്യതയാണെന്നും തങ്ങളുടെ മുന്‍ ജീവനക്കാരനില്‍ നിന്നുമുണ്ടായ നടപടിയെ അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നെന്നും കൊടക് മഹീന്ദ്ര വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷ്ണു അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ കൊടക് മഹീന്ദ്ര ബാങ്കിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചും ആളുകള്‍ പ്രതിഷേധിച്ചിരുന്നു.

കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയതിന് പിന്നാലെ ആസിഫയെ കൊലപ്പെടുത്തിയ സംഭവത്തെ ന്യായീകിരച്ചായിരുന്നു വിഷ്ണു രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ’ എന്നായിരുന്നു വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. ഇതോടെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു. കൊടക് മഹീന്ദ്ര ഷെയര്‍ ചെയ്ത എല്ലാ പോസ്റ്റുകളിലും വിഷ്ണു നന്ദകുമാറിനെതിരെ പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്.

‘പ്രിയപ്പെട്ട കൊട്ടക് മഹീന്ദ്ര ടീം, നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനെതിരെ നിങ്ങള്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ഒരു മാനേജര്‍ക്ക് അടിസ്ഥാനപരമായി സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക ബഹുമാനവും ആവശ്യമാണ്. എന്നാല്‍, അദ്ദേഹത്തിന്റെ എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും അയാള്‍ ഒരു റാസ്‌കലാണെന്ന് വ്യക്തമാണ്. നിങ്ങളുടെ ബ്രാഞ്ചിലെത്തുന്ന ഓരോ വ്യക്തികളോടും എങ്ങനെയായിരിക്കും അയാള്‍ പെരുമാറുന്നുണ്ടാകുക, നാണമില്ലേ ഇങ്ങനെയൊരാളെ മാനേജരായി വെച്ച് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍’ എന്നായിരുന്നു ചിലരുടെ പ്രതികരണം. കൊടക് മഹീന്ദ്രയുടെ പേജിന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കാനും കമന്റില്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.