കത്വ പീഢനം; തങ്ങളുടെ കുടുംബത്തിന് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി ആസിഫയുടെ സഹോദരി

0
67

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധം ശക്തമാകുന്നു. അതിനിടെ, തങ്ങളുടെ കുടുംബത്തിന് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി ആസിഫയുടെ സഹോദരി രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ക്ക് പലരില്‍ നിന്നും വധഭീഷണി നേരിടേണ്ടി വന്നതായി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സഹോദരി പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആസിഫയുടെ മൃതദേഹം സ്വന്തം നാട്ടില്‍ സംസ്‌കരിക്കാന്‍ പോലും തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് ആസിഫയുടെ സഹോദരി വ്യക്തമാക്കി. അവളുടെ കൈകളും കാലുകളും എല്ലാം തകര്‍ന്ന നിലയിലായിരുന്നു. വളരെ ദൂരെയുള്ള ഒരു ശ്മശാനത്തിലാണ് അവളുടെ സംസ്‌കാരം നടത്തിയത്. അവളെ കൊലപ്പെടുത്തിയവര്‍ക്ക് തൂക്കുകയര്‍ കിട്ടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരാണ്. എന്നാല്‍, കുറ്റവാളികള്‍ തൂക്കിലേറ്റപ്പെട്ടാല്‍ മാത്രമെ ഞങ്ങള്‍ക്ക് പൂര്‍ണമായ നീതി ലഭിക്കുകയുള്ളൂവെന്നും സഹോദരി പറഞ്ഞു.

അതേസമയം, 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പിക്കാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് കേന്ദ്രശിശുസംരക്ഷണ വകുപ്പ് മന്ത്രി മനേക ഗാന്ധി അഭിപ്രായപ്പെട്ടു. ഇതിനായി പോക്സോ നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.