നഴ്സുമാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമം

0
33

നഴ്സുമാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍. മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ യോഗം നടക്കുന്ന കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നും ശമ്പളം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്‌. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കും സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് പറഞ്ഞു.

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിച്ചതു സംബന്ധിച്ച്‌ ബന്ധപ്പെട്ട ഉപദേശക സമിതിക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ചെറുകിട ആശുപത്രി മാനേജ്‌മെന്റില്‍നിന്നാണ് പരാതികള്‍ ഏറെയും.

ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാ വിഭാഗങ്ങളില്‍നിന്നും പരാതികളും നിര്‍ദേശങ്ങളും കേട്ടശേഷമാണ് ബോര്‍ഡ് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ വെള്ളിയാഴ്ച അവലോകനയോഗം ചേര്‍ന്നത്. ബോര്‍ഡിന്റെ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ നിലവില്‍ സി.ഐ.ടി.യു. സംഘടനകള്‍ തടസ്സമാണെന്ന് ഐ.എന്‍.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ് ആരോപിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. ഇതിന് വിരുദ്ധമായ നിലപാടാണ് മിനിമം വേജസ് അഡ്‌വൈസറി ബോര്‍ഡില്‍ നിന്ന് ഉണ്ടാവുന്നതെങ്കില്‍ മേയ് 12 മുതല്‍ സമരവുമായി മുന്നോട്ട് പോകും. മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് കൃത്യമായ മീറ്റിങ്ങുകള്‍ നടത്താതെ ശമ്പളപരിഷ്‌കരണ തീരുമാനം വൈകിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. നിലവില്‍ മാനേജ്മെന്റുകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസും സര്‍ക്കാരിന് പണിമുടക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള ശമ്പളം നേടിക്കൊണ്ട് മാത്രമേ ഐ.എന്‍.എ. സമരം അവസാനിപ്പിക്കുകയുള്ളു. ഇക്കാര്യം സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ലേബര്‍ കമ്മിഷണര്‍ക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. ജോയിന്റ് സെക്രട്ടറി സനില്‍ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് കെ. അന്‍ സാരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.