ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് അമ്പിളിയുമായി എത്തുന്നു

0
141

അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് മറ്റൊരു റോഡ് മൂവീ ചിത്രവുമായെത്തുന്നു. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൗതുകമുള്ളൊരു കഥ പറയുന്ന ചിത്രമായിരിക്കും.സംവിധായകനും താരങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്.

സുഡാനി ഫ്രം നൈജീരിയ്ക്ക് പിന്നാലെ നായകനിരയിലേക്ക് ഉയര്‍ന്ന സൗബിന്‍ ഷാഹിറാണ് അമ്ബിളി എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത്. ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള ചിത്രമാണിത്. നസ്‌റിയാ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. പുതുമുഖം തന്‍വി റാം ആണ് നായിക.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും. ആര്‍ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സുഡാനി ഫ്രം നൈജീരിയ തിയറ്ററുകളിലെത്തിച്ചതും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ്.