തലമുറകളിലൂടെ നീളുന്ന മനുഷ്യബന്ധങ്ങള്‍ ചര്‍ച്ചയാകുന്ന ‘ദേഹാന്തരം’

0
92

കെ.ശ്രീജിത്ത്

തലമുറകളിലൂടെ നീളുന്ന മനുഷ്യബന്ധങ്ങള്‍ ജീവിതത്തില്‍ നല്‍കുന്ന പാഠം എന്താണ്? ശ്യാം കൃഷ്ണ രചിച്ച് ആഷാഢ് ശിവരാമന്‍ സംവിധാനം ചെയ്ത ‘ദേഹാന്തരം’ എന്ന ഷോര്‍ട്ട് ഫിലിം ഈ പ്രമേയം കൈകാര്യം ചെയ്യുന്നു.

ജീവിതം സംശയങ്ങളും ഭയങ്ങളും കൊണ്ട് നിറയുമ്പോള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് നീളുന്ന ബന്ധങ്ങളില്‍ പകയും അത്യാഗ്രഹവും ഒപ്പം കൈമാറപ്പെടുന്നു. ‘നിങ്ങള്‍ അളന്നതുകൊണ്ട് നിങ്ങളും അളക്കപ്പെടും’ എന്ന ബൈബിള്‍ വാചകം ശരിയാകുന്നു. മകന്‍ അച്ഛനെ കൊല്ലുമ്പോള്‍ അയാള്‍ അറിയുന്നില്ല, അയാളെയും കാത്തിരിക്കുന്നത് ഇതേ വിധിയാണെന്ന സത്യം.

ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന്‍ മനുഷ്യനെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നു. മരിച്ചതിനുശേഷമാകട്ടെ ‘മനസിലാക്കല്‍’ എന്ന പ്രക്രിയയ്ക്ക് അര്‍ത്ഥമില്ലാതാവുകയും ചെയ്യുന്നു. ഓരോ തലമുറയും മുന്‍തലമുറ ചെയ്ത തെറ്റുകള്‍ തന്നെ ആവര്‍ത്തിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല. ഓരോ തലമുറയും തങ്ങളാണ് ശരി എന്ന മിഥ്യാബോധത്തില്‍ അഭിരമിക്കുന്നു. ഒരു തലമുറയും മറ്റൊരു തലമുറയെ അംഗീകരിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ ശരിയും തെറ്റും വേര്‍തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്ന മനുഷ്യന്‍ ആര്‍ക്കും ഒരു ഗുണപാഠവുമാകുന്നില്ല.

ജീവിതത്തെ പൂര്‍ണമായും തത്വചിന്താപരമായി സമീപിക്കുന്ന ‘ദേഹാന്തരം’ പക, വിദ്വേഷം, പ്രണയം, അസൂയ, അത്യാഗ്രഹം, ഭയം, സംശയം തുടങ്ങി ജീവിതത്തിന്റെ പരമസത്യത്തെ വന്ന് തൊടുന്നുണ്ട്. ശ്യാംകൃഷ്ണ തന്നെ രചിച്ച ‘തോമ കറിയ കറിയ തോമ’ എന്ന നാടകത്തിന്റെ ഒരു തുടര്‍ച്ചയാണ് ‘ദേഹാന്തരം’. അഥവാ ‘ദേഹാന്തര’ത്തിന്റെ തുടര്‍ച്ചയാണ് ‘തോമ കറിയ കറിയ തോമ’. രണ്ടിലും കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഒന്നുതന്നെയാണ്. ജീവിതം, മരണം, മരണാനന്തര ജീവിതം. ഒരുപക്ഷെ ശ്യാം എന്ന എഴുത്തുകാരന്റെ തന്നെ സന്ദേഹങ്ങളാണ് ഈ രചനകളെ സ്വാധീനിച്ചിട്ടുണ്ടാവുക എന്ന് തോന്നുന്നു. ഈ രണ്ട് സൃഷ്ടികളിലും എഴുത്തുകാരന്റെ ആത്മാംശം അവിടവിടെ മിന്നിമറിയുന്നുണ്ട്. നാടകത്തിലായാലും ഷോര്‍ട്ട് ഫിലിമിലായാലും പൊതുവായി കണ്ട ഒരു കാര്യം ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കാത്ത സ്‌നേഹത്തെക്കുറിച്ചുള്ള എഴുത്തുകാരന്റെ വിലാപമാണ്.

‘ദേഹാന്തരം’ എന്ന അര മണിക്കൂര്‍ മാത്രം നീളമുള്ള ഈ ചെറുസിനിമയ്ക്ക് ലഭിച്ച ഒരു ഭാഗ്യം രാഘവന്‍, അലന്‍സിയര്‍ എന്നീ മികച്ച നടന്‍മാരുടെ സാന്നിധ്യമാണ്. ഇരുവരും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഈ വെറ്ററന്‍ അഭിനേതാക്കള്‍ ‘ദേഹാന്തര’ത്തെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. ആഷാഢ് ശിവരാമന്റെ സംവിധാന മികവ് കൂടി ചേരുന്നതോടെ ‘ദേഹാന്തരം’ ഒരു മികച്ച അനുഭവമാകുന്നു.

മാധ്യമപ്രവര്‍ത്തകനായ പി.മുരളീധരന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സിനു സിദ്ധാര്‍ത്ഥ് ആണ്. അച്ചു വിജയന്‍, നിഷാന്ത് ലാല്‍ എന്നിവരുടേതാണ് ചിത്രസന്നിവേശം. സതീഷ് രാമചന്ദ്രന്‍ സംഗീതമൊരുക്കിയിരിക്കുന്നു.