അപ്രഖ്യാപിത ഹര്‍ത്താല്‍: കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും ഏറ്റുമുട്ടി

0
68

കണ്ണൂര്‍: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്ത  ഹര്‍ത്താലിന്റെ അനുകൂലികളും പൊലീസും തമ്മില്‍ കണ്ണൂരില്‍ ഏറ്റുമുട്ടി.

ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ പൊലീസ് സ്റ്റേഷനിലേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ഹർത്താലിന്‍റെ പേരിൽ മലപ്പുറത്തെ തിരൂരിലും  സംഘർഷം അരങ്ങേറിയിരുന്നു. ഹർത്താൽ അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. തിരൂരിലും കണ്ണൂരിലും ഹർത്താൽ അനുകൂലികൾ പ്രകടനവും നടത്തി.

പ്രകടനമായി എത്തിയവർ വാഹന ഗതാഗതവും തടയാൻ ശ്രമിച്ചു. കടകൾ അടപ്പിക്കുന്നത് വ്യാപാരികൾ കൂട്ടമായി തടഞ്ഞതോടെയാണ് സ്ഥലത്ത് ഉന്തു തള്ളുമുണ്ടായത്. വ്യാജ ഹർത്താൽ ആയിരുന്നതിനാൽ പോലീസും മുൻ കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല.