കത്വ കേസ് കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്; വിചാരണ മാറ്റി

0
56

ശ്രീനഗര്‍: രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിനു കാരണമായ കത്വ കേസ് പരിഗണിക്കുന്നത് കത്വയില്‍ നിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. തനിക്കും കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇന്ന് രണ്ടു മണിക്ക് സുപ്രീം കോടതി പരിഗണിക്കും.

അതിനിടെ, കേസില്‍ വിചാരണ തുടങ്ങുന്നത് ഈ മാസം 28-ലേക്കു മാറ്റി. കേസ് പരിഗണിക്കുന്നത് ചണ്ഡിഗഡിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വീചാരണ നീട്ടിയത്. കേസില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്.

പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്ളതിനാല്‍ അയാള്‍ക്കായി പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കത്വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. മറ്റ് ഏഴു പ്രതികള്‍ക്കുമെതിരായ വിചാരണ സെഷന്‍സ് കോടതിയില്‍ നടക്കും. കേസ് നടപടികള്‍ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം വര്‍ഗീയ ധ്രുവീകരണം രൂക്ഷമായതിനാല്‍, നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.