നാലുമണിക്ക് കഴിക്കാന്‍ നാല് നാടന്‍ പലഹാരങ്ങള്‍

0
438

 


ഉഴുന്ന് വട

ചേരുവകള്‍

ഉഴുന്ന് – കാൽ കിലോ
കറിവേപ്പില, പച്ചമുളക്, ഇഞ്ചി – ആവശ്യത്തിന്
കുരുമുളക് തരുതരുപ്പായി പൊടിച്ചത് – 2 ടീ സ്പൂൺ
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
പാകത്തിന് ഉപ്പ്
വെളിച്ചെണ്ണ- വറുക്കാനാവശ്യമുള്ളത്ര

തയ്യാറാക്കുന്ന വിധം

ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക.
ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയുടെ ചട്ണി ജാറിൽ കുറേശ്ശെയായി ഇട്ട് അരച്ചാൽ വെള്ളമില്ലാതെ അരഞ്ഞുകിട്ടും). ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് തരുതരുപ്പായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക.അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്.)

മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം. വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും. വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. ഇനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണു . ശ്രദ്ധിച്ചില്ലെങ്കിൽ വടയുടെ ഷേപ്പ് നഷ്ടപ്പെടുന്നതോടൊപ്പം കൈയും വെളിച്ചെണ്ണയിൽ മുങ്ങിയെന്നു വരും.

വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക(മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക. ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ് (ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കണം ).


പഴം പൊരി

ചേരുവകള്‍

ഏത്തപ്പഴം – 4
മൈദ – 2 കപ്പ്‌
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഏലക്ക -2 പൊടിച്ചത്
ഉപ്പ്‌ – ആവശ്യത്തിന്‍
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
വെള്ളം – ആവശ്യത്തിന്‍
വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാന്‍ പാകത്തിന്‍

തയ്യാറാക്കുന്ന വിധം

പഴം നീളത്തില്‍ മുറിച്ച്‌ കഷ്ണങ്ങളാക്കുക.

മൈദ, പഞ്ചസാര,ഉപ്പ്‌ , ഏലക്ക ,
മഞ്ഞള്‍പ്പൊടി എല്ലാം വെള്ളം ചേര്‍ത്ത്‌
കുഴമ്പ്‌ പരുവത്തിലാക്കുക.

എണ്ണ ചൂടാക്കി , തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ പഴകഷ്ണങ്ങള്‍ മുക്കി, എണ്ണയില്‍ ഇട്ട്‌ മൊരിച്ചെടുക.

ഉള്ളി വട

ചേരുവകള്‍

കടലമാവ് – രണ്ട് കപ്പ്
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
സവാള – 3 എണ്ണം
ഇഞ്ചി – 2 ഇഞ്ച് കഷ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 ഇതള്‍
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.

2. ഇതിലേക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.

3. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ച ശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.

4. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

 


പരിപ്പുവട

ചേരുവകള്‍

കടലപ്പരിപ്പ് :- ഏകദേശം കാൽക്കിലോ
ചുവന്ന മുളക് :- എരിവനുസരിച്ച് മൂന്നോ നാലോ.
സവാള : – വലുപ്പമനുസരിച്ച് രണ്ടോ മൂന്നോ. (ചുവന്നുള്ളിയാണ് വേണ്ടത്. സ്വാദും കൂടും. ഞാൻ തൽക്കാലം സവാള എടുത്തെന്നേ ഉള്ളൂ).
പച്ചമുളക് :- എരിവനുസരിച്ച് മൂന്നോ നാലോ എടുക്കുക.
ഇഞ്ചി :- തീരെ ചെറുതല്ലാത്ത ഒരു കഷ്ണം.
കറിവേപ്പില, ഉപ്പ് : പാകത്തിന്.
എണ്ണ : വറുക്കുവാൻ വേണ്ടത്.

തയ്യാറാക്കുന്ന വിധം

പരിപ്പും ചുവന്ന മുളകും കൂടി രണ്ടുമണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തശേഷം അരഞ്ഞുപോകാതെ ചതച്ചെടുക്കണം. അമ്മിയാണ് ഇതിനു പറ്റിയത്. മിക്സിയിലാണെങ്കിൽ ഒന്നു തിരിച്ചെടുത്താൽ മതിയാവും.
ഉള്ളിയും കറിവേപ്പിലയും ഇതുപോലെ ഒന്നു ചതച്ചെടുക്കുക. ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക. എല്ലാം കൂടി പാകത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുഴച്ച മാവ് കുറേശ്ശെ എടുത്ത് കൈവെള്ളയിൽ വച്ച് ഒന്നു പരത്തിയശേഷം തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.(വെളിച്ചെണ്ണയിൽ വറുക്കുന്നതാണ് കൂടുതൽ സ്വാദ്).