മനാമയില്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
37

മനാമ: കശ്മീരില്‍ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജ്യത്ത് നാള്‍ക്കുനാള്‍ നിഷ്ഠൂരമായ സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ സംഗമം ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ വംശീയവും വര്‍ഗീയവുമായ തലത്തിലേക്ക് അക്രമങ്ങള്‍ വ്യാപിക്കുന്നതായും കഴിഞ്ഞ കാലഘട്ടങ്ങളില്‍ രാജ്യം നേടിയ നേട്ടങ്ങളുടെയെല്ലാം യശസ്സ് ഇല്ലാതാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു. അക്രമികള്‍ക്കെതിരെ നടപടി എടുക്കേണ്ട ഭരണകൂടം പ്രതികള്‍ക്കായി പ്രക്ഷോഭം നടത്തി സംഭവത്തെ വര്‍ഗീയവല്‍കരിക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്നും അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് ഏഴംകുളം, ജനറല്‍ സെക്രട്ടറി നിസാര്‍ കൊല്ലം, ട്രഷറര്‍ അബ്ദുല്‍ വഹാബ്, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, തേവലക്കര ബാദുഷ, ഡോ. അബ്ദുല്‍ റഹ്മാന്‍, വനിതാ വിഭാഗം അംഗം ആമിന സുനില്‍, സാമൂഹിക പ്രവര്‍ത്തകര്‍ അലി അക്ബര്‍, റിനീഷ് പറക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് അക്രമത്തിനെതിരെ പ്രതിഷേധ ജ്വാല തീര്‍ത്തു.