‘എട്ടുവയസുകാരിയെ കൊന്ന കേസില്‍ അന്വേഷണം തടസപ്പെടുത്താന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തി, പക്ഷേ ഞങ്ങള്‍ അവസാനം വരെ ഉറച്ചുനിന്നു’

0
58

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കൂട്ട ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടവരും അവരുടെ ബന്ധുക്കളും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ജമ്മു കാശ്മീര്‍ പോലീസിലെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്വേതാംബരി ശര്‍മ. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ്  വെല്ലുവിളികളെ നേരിട്ട് എങ്ങനെയാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന്  അവര്‍ വ്യക്തമാക്കുന്നത്‌. സംഭവം അന്വേഷിച്ച ജമ്മു കാശ്മീര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഏക വനിതയാണ് ശ്വേതാംബരി ശര്‍മ്മ.

“ഞങ്ങള്‍ നിരവധി പ്രതികൂല അവസ്ഥകളോട് മല്ലടിച്ചാണ് ജോലി ചെയ്തത്. ചില നേരത്ത് ഞങ്ങളാകെ നിരാശയിലായിരുന്നു. പ്രത്യേകിച്ചും ഹീരനഗര്‍ പോലീസ് സ്റ്റേഷനില്‍ ഈ സംഭവം ഒതുക്കാനായി കൈക്കൂലി നല്‍കിയെന്നും അവര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകിക്കളഞ്ഞെന്നും അറിഞ്ഞപ്പോള്‍. എന്നിട്ടും ഞങ്ങളീ ബലാത്സംഗ, കൊലപാതക കേസ് വിശുദ്ധ നവരാത്രിയിലാണ് തെളിയിച്ചത്. കുറ്റവാളികളെ നിയമത്തിന്നു മുന്നില്‍ കൊണ്ടുവരാന്‍ ഒരു ദൈവീക ഇടപെടല്‍ ഉണ്ടായെന്ന് ഞാന്‍ കരുതുന്നു. ദുര്‍ഗാ മാത ഞങ്ങളെ അനുഗ്രഹിച്ചു എന്നു ഞാന്‍ കരുതുന്നു”- ജമ്മു കാശ്മീര്‍ പൊലീസിലെ 2012 ബാച്ചുകാരിയായ ഉദ്യോഗസ്ഥ ശ്വേതാംബരി പറഞ്ഞു.

“മിക്ക പ്രതികളും ബ്രാഹ്മണരായിരുന്നതിനാല്‍ അവര്‍ അവരുടെ ജാതിവാലുകള്‍ കൂടുതലായി ഊന്നല്‍ നല്കി കാണിച്ചു. അവരെന്നെ സ്വാധീനിക്കാന്‍ പ്രത്യേകമായി ശ്രമിക്കുകയും നാം ഒരേ മതത്തിലും ജാതിയിലും മതത്തിലും പെട്ടതായതിനാല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ഞാനവരെ കുറ്റക്കാരായി കാണരുതെന്നും പല വഴിക്കും അവര്‍ എന്നോടു പറഞ്ഞു. എന്നാല്‍ ജമ്മു കാശ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് എനിക്കു മതമില്ലെന്നും എന്‍റെ ഏക മതം എന്‍റെ യൂണിഫോം ആണെന്നും ഞാന്‍ പറഞ്ഞു.”

ഇത്തരത്തില്‍ എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ ഏതു വിധേനയും ഭീഷണിപ്പെടുത്താനും മറ്റുമായി ശ്രമം. അവര്‍ ലാത്തികള്‍ കയ്യിലെടുത്തിരുന്നു, ത്രിവര്‍ണ പതാകയേന്തി ജാഥകള്‍ സംഘടിപ്പിച്ചു, വിവിധ ഗ്രാമങ്ങളിലേക്കുള്ള പാതകള്‍ ഉപരോധിച്ചു, ഒടുവില്‍ കോടതിയിലേക്കുള്ളതും. പക്ഷേ പൂര്‍ണമായ നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിബദ്ധതയോടെയും തൊഴില്‍ വൈദഗ്ദ്ധ്യത്തോടെയും ഞങ്ങള്‍ ഉറച്ചുനിന്നു- ശ്വേതാംബരി പറഞ്ഞു.

തന്റെ മകന്റെ പ്രായമുള്ള കുഞ്ഞിന്റെ ബലാത്സംഗത്തേയും കൊലപാതകത്തേയും കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്യുന്ന നിമിഷമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും അവര്‍ പറയുന്നു. രാത്രികളില്‍ താന്‍ ഉണര്‍ന്നിരുന്നുവെന്നും ദൈവാനുഗ്രഹത്താല്‍ ആ ബലാത്സംഗികളേയും കൊലപാതകികളേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും അവര്‍ പറയുന്നു.

കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പിഴവില്ലാത്ത അന്വേഷണത്തെ പിന്തുണയ്ക്കാന്‍ കുറ്റസമ്മത മൊഴികളെകൂടാതെ സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.