കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീം ട്രെയിനര്‍ ആയി മുന്‍ കേരള താരം ദീപക് മുരളീധരന്‍ ചുമതലയേറ്റു

0
51

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ ട്രെയിനര്‍ ആയി കേരള ക്രിക്കറ്റ് ടീം താരമായിരുന്ന ദീപക് മുരളീധരനെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് ആണ് ടീം കോച്ച്. ഐസിസി ടി20 ലോകകപ്പിനുള്ള ടീമുകളെ തിരഞ്ഞെടുക്കാനുള്ള ഏഷ്യ എ ക്വാളിഫയര്‍ ടൂര്‍ണമെന്റില്‍ കല്ലമ്പള്ളി സ്വദേശിയായ ദീപക്കിന്റെ പരിശീലനത്തിന്റെ കരുത്തിലാണ് കുവൈത്ത് ടീം ഇറങ്ങുക.

കേരളത്തിന് വേണ്ടി അണ്ടര്‍ 17, അണ്ടര്‍ 21, അണ്ടര്‍ 23 വിഭാഗങ്ങളിലും ബുച്ചി ബാബു ടൂര്‍ണമെന്റിലും 10 വര്‍ഷത്തോളം കളിച്ചിട്ടുള്ള ദീപക് പിന്നീട് ചെന്നൈയില്‍ എ ഡിവിഷന്‍ ലീഗില്‍ ചെംപ്ലാസ്റ്റിനായും കളത്തിലിറങ്ങി. മുരളി വിജയ്, ദിനേശ് കാര്‍ത്തിക് എന്നിവരായിരുന്നു സഹതാരങ്ങള്‍. കുവൈത്തില്‍ എ ഡിവിഷന്‍ ലീഗ് ചാംപ്യന്മാരായ പെട്രോഫാകില്‍ ജോലി കിട്ടിയതോടെയാണ് ദീപക് കടലുകടന്നത്. അവിടെ അസി. കോച്ച് ആയി ടീമിനെ പരിശീലിപ്പിച്ചു തുടങ്ങി.

ഗിബ്‌സ് കോച്ച് ആയി എത്തുന്നതിനു മുമ്പ് ടീമിന്റെ താല്‍ക്കാലിക പരിശീലകനും ദീപക് ആയിരുന്നു. പരിശീലന മികവ് പരിഗണിച്ചാണ് ദീപക്കിനെ ട്രെയിനര്‍ ആയി നിയമിക്കാന്‍ കുവൈത്ത് ക്രിക്കറ്റ് അധികൃതര്‍ തീരുമാനിച്ചത്. ഗിബ്‌സിന് മുമ്പ് കേരളത്തില്‍ നിന്നുള്ള ബിജു ജോര്‍ജ് ആയിരുന്നു കുവൈത്ത് ടീമിന്റെ പരിശീലകന്‍. സാജിദ് കലാം, ഫറൂഖ്, അര്‍ജുന്‍ മഹേഷ് എന്നീ മലയാളികളും കുവൈത്ത് ടീമിലുണ്ട്.