തിരുവനന്തപുരം: എസ്.എ.ടി.ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ കാണാതായ സംഭവത്തില്‍ പൊലീസിന് പരാതി കൈമാറിയതായി എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍.എ അറിയിച്ചു. പ്രസവത്തിനായി ചൊവ്വാഴ്ച അഡ്മിറ്റ് ചെയ്യേണ്ട യുവതിയായിരുന്നു. രാവിലെ ഒ.പി യില്‍ എത്തിയ യുവതി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പഴയ ഒ.പി ടിക്കറ്റ് കാണിക്കാതെ പുതിയ ഒ.പി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച് രക്ത പരിശോധനയ്ക്ക് എഴുതി കൊടുക്കുകയായിരുന്നു. അതിനുശേഷം വീണ്ടും ഡോക്ടറെ കാണാന്‍ ഒ.പി യില്‍ എത്തിയ യുവതിയെ കാണാന്‍ ഇല്ലെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ഒ.പി വിഭാഗം മുഴുവന്‍ പൊലീസിന്റേയും സെക്യൂരിറ്റിയുടേയും സഹായത്തോടെ പരിശോധിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങല്‍ പരിശോധിച്ചപ്പോള്‍ 11.45 വരെ യുവതിയെ കണ്ടിരുന്നു. ആ സമയത്തും സന്തോഷവതിയായാണ് യുവതി കാണപ്പെട്ടത്. അതിനുശേഷമാണ് ഇവരെ കാണാതാകുന്നത്. യുവതി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ല. അതിനാലാണ് പരാതി പൊലീസിന് കൈമാറിയതെന്നും സൂപ്രണ്ട് അറിയിച്ചു.
കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയും പൂര്‍ണ ഗര്‍ഭിണിയുമായ ഷംന(21)യെയാണ് ചൊവ്വാഴ്ച എസ്എടിയില്‍ നിന്നും കാണാതായത്. ഭര്‍ത്താവ് മടത്തറ കൊല്ലയില്‍ മുനിയിറുന്നകാലയില് അന്‍ഷാദിന്റെ ഭാര്യയാണ്. അന്‍ഷാദും ഷംനയും ബന്ധുക്കളുമൊത്താണ് എസ്എടിയില്‍ പ്രസവത്തിന് അഡ്മിറ്റാകാന്‍ എത്തിയത്. പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു. ഷംനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും സൈബര്‍സെല്‍ പരിശോധനയില്‍ ഫോണ്‍ സ്വിച്ച് ഓഫായാണ് കണ്ടെത്തിയത്. എന്നാല്‍, ടവര്‍ ലൊക്കേഷന്‍ ഏറ്റവും ഒടുവില്‍ എറണാകുളം സൗത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസും ബന്ധുക്കളും അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.