ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശകരെ പുറത്താക്കി കേന്ദ്രം; സര്‍ക്കാരിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് എഎപി

0
53

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഉപദേശകരായി പ്രവര്‍ത്തിച്ചിരുന്ന ഒമ്പത് പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്താക്കി. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം നിയമനങ്ങള്‍ക്ക് ധനവകുപ്പിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ, അതു ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഇവരെ പുറത്താക്കിയ നടപടിക്കു ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അംഗീകാരം നല്‍കി. ഇരട്ടപ്പദവി വിവാദത്തില്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയത് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

അതേസമയം, സര്‍ക്കാര്‍ നിയമിച്ച ഉപദേശകരെ തീര്‍ത്തും അനാവശ്യമായ ഇടപെടലിലൂടെയാണ് കേന്ദ്രം പുറത്താക്കിയതെന്ന് എഎപി സര്‍ക്കാര്‍ പ്രതികരിച്ചു. മുതിര്‍ന്ന എഎപി നേതാവ് അതീഷി മര്‍ലേനയും പുറത്താക്കപ്പെട്ടവരിലുണ്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായാണ് മര്‍ലേന പ്രവര്‍ത്തിച്ചിരുന്നത്. ധനമന്ത്രിയുടെ ഉപദേഷ്ടാവ് രാഘവ് ചന്ദ, ഉപമുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അരുണോദയ് പ്രകാശ്, നിയമമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അമര്‍ദീപ് തിവാരി, പൊതുമരാമത്ത് മന്ത്രിയുടെ ഉപദേഷ്ടാവ് രജത് തിവാരി, ഊര്‍ജമന്ത്രിയുടെ ഉപദേഷ്ടാവ് സമീര്‍ മല്‍ഹോത്ര, പൊതുഭരണ വകുപ്പിലെ ഉപദേഷ്ടാവ് രാം കുമാര്‍ ഝാ, ആഭ്യന്തര വകുപ്പിന്റെ ഉപദേശകന്‍ ബ്രിഗേഡിയര്‍ ദിനകര്‍ അദീപ്, ആരോഗ്യവകുപ്പിലെ ഉപദേശകന്‍ പ്രശാന്ത് സക്‌സേന എന്നിവരെയാണ് പുറത്താക്കിയത്.

കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക സ്ഥാനങ്ങളില്‍ ഈ ഉപദേശകരൊന്നും ഉള്‍പ്പെടുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ഇവരെ ഉപദേശകരായി നിയമിച്ച അവസരത്തില്‍ ചട്ടപ്രകാരം കേന്ദ്രത്തിന്റ അനുമതി വാങ്ങിയിരുന്നില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, മാസം വെറും ഒരു രൂപ ശമ്പളം വാങ്ങിയാണു താന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പുറത്താക്കപ്പെട്ട ഉപദേശകരില്‍ ഒരാളായ രാഘവ് ചന്ദ ട്വീറ്റ് ചെയ്തു. തന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചന്ദ, എവിടെ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്താക്കിയതെന്നും ചോദിച്ചു. ഉത്തരേന്ത്യയെ വലയ്ക്കുന്ന നോട്ടുക്ഷാമം, കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മാനഭംഗങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ നടപടിയിലൂടെ മോദി സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.