പരാതിയില്‍ ‘കംപ്ലെയ്ന്റ്’ എന്നത് ‘കോംപ്ലിമെന്റ്’ ആയി; അക്ഷരപ്പിശകില്‍ വെട്ടിലായി ബിജെപി

0
59

തിരുവനന്തപുരം: കത്വയില്‍ എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരായ പരാതിയില്‍ അക്ഷര പിശകിലൂടെ വെട്ടിലായി ബിജെപി. complaint against facebook post എന്നതിനുപകരം compliment against facebook post എന്നാണ് പരാതിയില്‍ എഴുതിയിരിക്കുന്നത്.  പ്രകോപനപരമായ കമന്റെന്ന് ബിജെപി നേതൃത്വം പരാതി നല്‍കിയ കമന്റിന് ബിജെപിയുടെ തന്നെ അനുമോദനമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

കത്വ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ദീപക് ശങ്കരനാരായണന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. 2014ല്‍ ബിജെപിക്ക് വോട്ട് ചെയ്ത, അതിലൂടെ ഹിന്ദു ഭീകരതയ്ക്ക് വോട്ട് ചെയ്ത 31 ശതമാനം പേരെയും കൊന്നിട്ടാണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കണം എന്നായിരുന്നു ദീപക് ആലങ്കാരികമായും വിമര്‍ശനാത്മകമായും പറഞ്ഞത്. എന്നാല്‍ 35 ലക്ഷം മലയാളികളടക്കം രാജ്യത്തെ 41 കോടി ജനങ്ങളെ കൊല്ലാനുള്ള ആഹ്വാനമാണ് ദീപക് നടത്തിയിരിക്കുന്നത് എന്നായിരുന്നു ബിജെപിയുടെ ആരോപണം.

സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായാണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫെയ്സ്ബുക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരായണൻ വിശദീകരിച്ചു. ധനമന്ത്രി ടി.എം. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം #SolidarityWithDeepak എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. ഇതിനിടെ ദീപക് ശങ്കരനാരായണന്‍ എച്ച്പി ജീവനക്കാരനല്ലെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും കമ്പനി വക്താവ് അറിയിച്ചു.