മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായി അന്തരിച്ചു

0
46

മംഗലാപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.വി.ആര്‍ ഷേണായി(77) അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ചെറായി സ്വദേശിയാണ് അദ്ദേഹം. ഭാര്യ; സരോജം. സുജാത, അജിത് എന്നിവരാണ് മക്കള്‍.

ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ദീര്‍ഘകാലം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫും പിന്നീട് ‘ദ് വീക്ക്’ വാരിക എഡിറ്ററുമായി പ്രവര്‍ത്തിച്ചു. 1990-92 കാലയളവില്‍ ‘സണ്‍ഡേ മെയില്‍’ പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. പ്രസാദ്ഭാരതി നിര്‍വാഹണ സമിതിയംഗമായിരുന്നു.

2003ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. അഞ്ച് പതിറ്റാണ്ടോളം സജീവപത്രപ്രവര്‍ത്തകനായിരുന്ന ഷേണായി സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയിലും ശ്രദ്ധനേടി. വിദേശപത്രങ്ങളക്കം നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ എഴുതി.

ഓക്‌സ്ഫഡ് സര്‍വകലാശാലയടക്കം വിവിധ വേദികളില്‍ സാമ്പത്തിക-രാഷ്ട്രീയവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ ‘അലാവിറ്റ കമാണ്ടര്‍ വിസ്ഡം’ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.