സഹപാഠിയെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന് ഭീഷണി; പതിനെട്ടുകാരി ആത്മഹത്യ ചെയ്തു

0
64

തൃശൂര്‍: സഹപാഠിയെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന് മാനസിക പീഡനവും, ഭീഷണിയും ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പഠനം മുടങ്ങുമെന്നായതോടെയാണ് പതിനെട്ടുകാരി ആത്മഹത്യ ചെയ്തത്. ചെമ്പുക്കാവിലെ സ്വകാര്യ ചാറ്റേര്‍ഡ് അക്കൗണ്ടന്റ് കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ഥി അനഖയാണ് ജീവനൊടുക്കിയത്.

മുക്കാട്ടുകര സ്വദേശിനി ജയയുടെ മകള്‍ അനഖയെ തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷു ആഘോഷിക്കാന്‍ അമ്മവീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടുകാര്‍ കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ സഹപാഠികളുടെ ഭീഷണി മൂലം കോളേജില്‍ പഠനം തുടരാനാകാത്ത സ്ഥിതിയാണെന്നും ജീവനൊടുക്കുകയാണെന്നും സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. മുമ്പ് സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രണയം അനഖ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ആ കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാവും സംഘവും ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

പെണ്‍കുട്ടി എഴുതിയ ആത്മഹത്യ കുറിപ്പ് ബന്ധുക്കള്‍ പൊലീസിന് കൈമാറി. അനഖയുടെ സുഹൃത്തുമായി ബന്ധമുണ്ടായിരുന്ന യുവാവ് നിരന്തരം ഭീഷണി മുഴക്കിയതായി ബന്ധുക്കള്‍ ആരോപിച്ചു. ഫോണിലേക്ക് എത്തിയ ഭീഷണി സന്ദേശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭീഷണി കാരണം പഠനം തുടരാനാവാത്ത സ്ഥിതിയാണെന്ന് അനഖ സഹോദരിയോടും വെളിപ്പെടുത്തിയിരുന്നു. പട്ടിക്കാട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.