ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കാനൊരുങ്ങുന്നു

0
53

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. പരീക്ഷണാര്‍ഥമുള്ള പദ്ധതി സെപ്റ്റംബറോടെ പ്രാവര്‍ത്തികമാക്കാനാണ് ഒരുങ്ങുന്നത്. പദ്ധതി വിജയകരമെന്ന് കണ്ടാല്‍ അടുത്ത വര്‍ഷത്തോടെ എല്ലാ വിദേശികളുടെയും ഇഖാമ പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കും. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ഐടി വിഭാഗത്തില്‍ പ്രോഗ്രാമിങ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ പൂര്‍ണ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. ഇഖാമയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും സംവിധാനങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിക്കും. ഇഖാമ പുതുക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ ലഭിച്ചാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും കുറ്റാന്വേഷണ വിഭാഗത്തില്‍ നിന്നും തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അപേക്ഷകനെയും കുടുംബാംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ താമസാനുമതികാര്യ വകുപ്പിന് ലഭ്യമാക്കും. ഇതിനായി താമസാനുമതി കാര്യവകുപ്പിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ബന്ധപ്പെടാന്‍ പ്രത്യേക പാസ്വേഡ് ഉണ്ടാകും.

നിയമപരമായി മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സുരക്ഷാ വകുപ്പില്‍ നിന്നുള്ള അനുമതിയും ഓണ്‍ലൈന്‍ വഴി ഉറപ്പാക്കിയ ശേഷമാകും ഇഖാമ പുതുക്കുക. പുതുക്കിയ ഇഖാമ പാസ്‌പോര്‍ട്ടില്‍ പതിക്കണോ, കാര്‍ഡ് സംവിധാനം മതിയോ എന്നതിനെക്കുറിച്ച് പഠനം നടന്ന് വരികയാണ്. പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന രീതിയാണെങ്കില്‍ ഇഖാമ പുതുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം താമസാനുമതികാര്യ ഓഫിസില്‍ പാസ്‌പോര്‍ട്ട് എത്തിച്ച് സ്റ്റാംപ് ചെയ്ത് വാങ്ങേണ്ടി വരും.