ചേര്‍ത്തലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം ആറ് പേര്‍ കുറ്റക്കാരെന്ന് കോടതി

0
64

ആലപ്പുഴ: ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം ആറ് പ്രതികള്‍ കുറ്റക്കാരെന്ന് ആലപ്പുഴ ജില്ലാ കോടതി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 21 ന് പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി.

2009 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെ.എസ് ദിവാകരനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്ന് ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്.

ഇവിടെ വച്ച് ദിവാകരനും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് തര്‍ക്കം വീട് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ പട്ടിക കൊണ്ട് തലയ്ക്കടിയേറ്റ ദിവാകരന്‍ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

തുടര്‍ന്ന് ബൈജു ഉള്‍പ്പെടെ ആറ് പേരെ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു. പിന്നീട്, ബൈജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കിടെ ജില്ലാ കോടതിയിലെത്തിയ ബൈജുവിനെ രണ്ടാഴ്ച മുമ്പ് മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബൈജു ഉള്‍പ്പെടെ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.