ദോഹയില്‍ കാലാവധി കഴിഞ്ഞ സൗന്ദര്യ വര്‍ധക സാധനങ്ങള്‍ ഉപയോഗിച്ച ബ്യൂട്ടി ഷോപ്പ് അടപ്പിച്ചു

0
47

ദോഹ: കാലാവധി കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച ബ്യൂട്ടി ഷോപ്പിന് പ്രവര്‍ത്തന വിലക്ക്. ഖലീഫ സിറ്റിയിലുള്ള സ്ഥാപനം ഒരാഴ്ച അടച്ചിടാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. വാണിജ്യ സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിലെ ജുഡീഷ്യല്‍ അധികാരമുള്ള ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഒരാഴ്ചത്തെ പ്രവര്‍ത്തന വിലക്കിന് പുറമെ സ്ഥാപനത്തിന് പിഴയും ചുമത്തി. 2008ലെ എട്ടാം നമ്പര്‍ ഉപഭോക്തൃ നിയമത്തിന്റെ ആറാം അനുഛേദമനുസരിച്ചാണ് നടപടി. കാലാവധി കഴിഞ്ഞതോ വ്യാജമോ നിലവാരമില്ലാത്തതോ ആയ ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും വില്‍ക്കുന്നതും വിലക്കുന്നതാണ് ഈ അനുഛേദം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സ്ഥാപന ഉടമയുടെ ചെലവില്‍ രണ്ട് പ്രാദേശിക ദിനപത്രങ്ങളില്‍ പരസ്യപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 18-ാം അനുഛേദമനുസരിച്ചാണ് നടപടി. ഉത്തരവ് മന്ത്രാലയ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തും. രാജ്യത്തെവിടെയും ഉപഭോക്തൃ തട്ടിപ്പുകള്‍ വച്ചുപൊറുപ്പിക്കില്ല. തട്ടിപ്പുകള്‍ കണ്ടെത്താന്‍ പരിശോധനകള്‍ ഇനിയും ഊര്‍ജിതമാക്കും. ഇത്തരം സംഭവങ്ങളില്‍ കര്‍ശനനടപടി ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങള്‍ക്കും പരാതിപ്പെടാം. 16001 എന്ന കോള്‍സെന്റര്‍ നമ്പറിലാണ് വിവരങ്ങള്‍ കൈമാറേണ്ടത്. info@mec.gov.qa എന്ന ഇ- മെയിലിലും MEC_QATAR എന്ന മന്ത്രാലയത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലും പരാതി നല്‍കാം.