വരാപ്പുഴ കസ്റ്റഡി മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

0
35

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കായാണ് അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.

ശ്രീജിത്തിന്റെ ശരീരത്തിലുള്ള മുറിവുകള്‍, ആന്തരികാവയവങ്ങളില്‍ ഏറ്റിട്ടുള്ള ക്ഷതങ്ങള്‍ എന്നിവയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം പരാമര്‍ശിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കൃത്യമായ പരിശോധന നടത്തേണ്ടിയിരിക്കുന്നു. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോളുണ്ടായ മര്‍ദ്ദനത്തില്‍ നിന്നാണോ, അതോ പൊലീസ് കസ്റ്റഡിയില്‍ ലോക്കപ്പില്‍ വെച്ചാണോ മരണത്തിന് കാരണമായ മര്‍ദ്ദനമേറ്റതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൃത്യത വരുത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.

ശ്രീജിത്തിന്റെ ശരീരത്തിലുണ്ടായിരുന്ന ചതവുകളും മുറിവുകളും സംബന്ധിച്ച പോസ്റ്റ്മോര്‍ട്ടം വിശദാംശങ്ങള്‍ പരിശോധിച്ച് കൃത്യമായ വിലയിരുത്തലുകള്‍ നടത്തും. ഇതില്‍ മരണ കാരണമായ പരിക്കേതെന്നതാണു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആദ്യം അറിയേണ്ടത്. ഈ പരിക്കു സംഭവിച്ച സമയം, ഇതിന് ആധാരമായ മര്‍ദനം എന്നിവയും അറിയേണ്ടതുണ്ട്.