വി.എസിനും എന്‍.ശങ്കരയ്യയ്ക്കും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആദരം

0
51

ഹൈദരാബാദ്: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ വി.എസ് അച്യുതാനന്ദനും എന്‍. ശങ്കരയ്യക്കും  പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദരം. 1964ല്‍ സിപിഐ കൗണ്‍സിലില്‍ നിന്നിറങ്ങി വന്നു സിപിഎം രൂപീകരിച്ച 32 പേരില്‍ ഇവര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടന്ന കല്‍ക്കട്ട പ്ലീനത്തിലും സംസ്ഥാനത്തെ സിപിഎമ്മിനെ നിരവധി തവണ പ്രതിരോധത്തിലാക്കിയിട്ടുള്ള വി.എസിനെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലാണ് പാര്‍ട്ടി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത മുതിര്‍ന്ന നേതാക്കളായ വിഎസിനെയും ശങ്കരയ്യയെയും ആദരിച്ചത്. 95 വയസ് പിന്നിട്ട ശങ്കരയ്യയ്ക്ക് പിന്നാലെ 94 വയസുകാരനായ വിഎസിനെ വേദിയിലേയ്ക്ക് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ക്ഷണിച്ചപ്പോള്‍ സദസില്‍ നിന്നും മുദ്രവാക്യങ്ങളുയര്‍ന്നു. സഹായികളുടെ കൈപിടിച്ച് കേരളത്തിലെ നേതാക്കള്‍ക്ക് മുന്നിലൂടെ വി.എസ് വേദിയിലെത്തി. തുടര്‍ന്ന് യച്ചൂരി തന്നെ ഇരുവര്‍ക്കും ഹാരാര്‍പ്പണം നടത്തുകയായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന 763 പ്രതിനിധികളില്‍ ഒരാള്‍ മാത്രമായി മാറാന്‍ രണ്ടു പേരെയും അനുവദിക്കാതിരുന്നത് യച്ചൂരിയുടെ സമീപനം തന്നെയാണ് വ്യക്തമാക്കുന്നത്. പ്രായാധിക്യമേറെയുള്ളപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസും ശങ്കരയ്യയും മുഴുവന്‍ സമയവും പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.