ചെന്നൈ സൂപ്പര്‍ കിങ്‌സിന് 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

0
51

പുനെ: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്  64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറി കരുത്തില്‍ 204 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്  18.3  ഓവറില്‍ 140 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

205 റണ്‍സ് വിജയലകഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് ഒരു ഘട്ടത്തിലും ചെന്നൈ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. 45 റണ്‍സ് നേടിയ സ്‌റ്റോക്ക്‌സും, 22 റണ്‍സ് നേടിയ ബട്‌ലറുമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 16 റണ്‍സിനും, സഞ്ജു വി സാംസണ്‍ 2 റണ്‍സിനും പുറത്താവുകയായിരുന്നു.

നേരത്തെ, ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ച്വറി കരുത്തിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 51 പന്തുകളില്‍ നിന്നാണ് വാട്‌സന്‍ സെഞ്ച്വറി സ്വന്തമാക്കിയത്. 29 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ സുരേഷ് റെയ്‌നയും ചെന്നൈ നിരയില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റും, ബെന്‍ ലോഗലിന്‍ രണ്ട് വിക്കറ്റും നേടി.